മെഡിക്കല്‍ കോഴയില്‍ കുമ്മനത്തിന്റെ വാദം പച്ചക്കള്ളം: റിപ്പോര്‍ട്ട് കുമ്മനത്തിനു കൈമാറിയിരുന്നുവെന്ന് അന്വേഷണ കമ്മീഷന്‍

single-img
22 August 2017

തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കൈമാറിയതായി അന്വേഷണ കമ്മിഷന്‍. ഇ മെയിലായിട്ടാണ് റിപ്പോര്‍ട്ട് കൈമാറിയതെന്ന്‌ കമ്മീഷന്‍ അംഗങ്ങളായ കെ.പി ശ്രീശനും എ.കെ നസീറും പറഞ്ഞു. വിജിലന്‍സിനു മൊഴി നല്‍കി പുറത്തുവന്നശേഷം മാധ്യമപ്രവര്‍ത്തരോടു സാരിക്കുകയായിരുന്നു ഇരുവരും.

പ്രാഥമിക അന്വേഷ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കുമ്മനം വിജിലന്‍സിന് മൊഴി നല്‍കിയത്. എന്നാല്‍ കുമ്മനത്തിന്റെ മൊഴി പൊളിക്കുന്നതാണ് കമ്മീഷനംഗങ്ങള്‍ വിജിലന്‍സിനോട് പറഞ്ഞ കാര്യങ്ങള്‍. അതേസമയം, അഞ്ചുകോടി 60 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി ബോദ്ധ്യപ്പെട്ടെന്നും കമ്മീഷനംഗങ്ങള്‍ വിജിലന്‍സിനോട് സമ്മതിച്ചു.

ആരോപണം അന്വേഷിച്ചപ്പോള്‍ സംഘടനയില്‍ നിന്നും പുറത്താക്കിയ വിനോദും കോളേജ് ഉടമയായ ഷാജിയും സതീഷ് നായരും തമ്മില്‍ 5.6 കോടി രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം കാണിച്ച് ഒരു കരട് റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇ മെയില്‍ സന്ദേശം അയച്ചിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കി. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ഇരുവരും മൊഴി നല്‍കി.

മെഡിക്കല്‍ കോഴ ആരോപണത്തില്‍ പണമിടപാട് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ബി.ജെ.പി അന്വേഷണ കമ്മീഷനംഗങ്ങള്‍ എന്ന നിലയ്ക്കാണ് കെ.പി ശ്രീശന്റെയും എ.കെ നസീറിന്റെയും മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ എം. ടി രമേശിനെതിരെ പരാമര്‍ശമുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിജിലന്‍സ് ചോദ്യത്തിന് ഇരുവരും മലക്കം മറിഞ്ഞു. പ്രചരിക്കുന്ന റിപ്പോര്‍ട്ട് തങ്ങളുടേതല്ലെന്നായിരുന്നു ഇരുവരുടെയും മൊഴി.

അതേസമയം, റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന കുമ്മനത്തിന്റെ നിലപാട് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ഇരുവരും പ്രതികരിച്ചു. കണ്‍സല്‍ട്ടന്‍സി ഫീസായി 25 ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്ന കോളേജ് ഉടമയുടെ വാദം ശ്രീശനും നസീറും തള്ളി. 5 കോടി 60 ലക്ഷം രൂപ കോളേജ് ഉടമ ഷാജി ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിന് നല്‍കിയെന്ന് ബോധ്യപ്പെട്ടെന്നാണ് ഇരുവരുടേയും മൊഴി.