ദിലീപിന് ജയിലില്‍ ഓണമുണ്ണേണ്ടി വരുമോ?: ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായില്ല; വിധി നാളെ

single-img
22 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെയും തുടരും. ഇന്ന് ഹര്‍ജി പരിഗണിച്ചെങ്കിലും പ്രതിഭാഗത്തിന്റെ വാദം മാത്രമാണ് നടന്നത്. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന മാരത്തോണ്‍ വാദമാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ള നടത്തിയത്.

രാവിലെ പത്തര മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഇടവേളയ്ക്ക് ശേഷം 1.45 മുതല്‍ 2.45 വരെയും ദിലീപിന്റെ വാദം നടന്നു. വാദം ഇത്രയും നേരം നീണ്ടുനിന്നതിനാല്‍ പ്രോസിക്യൂഷന്‍ വാദം നാളെ നടക്കും. നാളെതന്നെ ജാമ്യാപേക്ഷയില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.

അക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ അറിയാമായിരുന്നെന്നും ഇവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാകാം തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിലേക്ക് സുനിയെ നയിച്ചിരിക്കുക എന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ: രാമന്‍പിള്ള വാദിച്ചു.

ദിലീപിനെ കസ്റ്റഡിയില്‍ വെക്കേണ്ട കാര്യമില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഫോണ്‍ നശിപ്പിച്ചന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ തന്നെ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ ദിലീപിന് ജാമ്യം അനുവദിക്കണമെന്നും രാമന്‍പിള്ള കോടതിയോട് ആവശ്യപ്പെട്ടു. ഇതിനിടെ നടിയുടെ പേര് പറഞ്ഞ പ്രതിഭാഗത്തെ കോടതി താക്കീത് ചെയ്തു.

അതേസമയം ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി അന്വേഷണസംഘം രംഗത്തെത്തി. 2013 മാര്‍ച്ച് 13ന് ദിലീപും സുനില്‍കുമാറും അബാദ് പ്ലാസയില്‍ കൂടിക്കാഴ്ച നടത്തിയതിന് സാക്ഷികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുദ്രവച്ച കവറിലായിരുന്നു പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. തെളിവ് തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയാല്‍ കേസിന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. അതിനിടെ, ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അടുത്തമാസം രണ്ടുവരെ നീട്ടി.

ഇത് രണ്ടാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിനിമാരംഗത്തെ പ്രമുഖരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍, സിനിമാ നിര്‍മാണ വിതരണ മേഖലകളില്‍ ദിലീപിന് നിര്‍ണായക സ്വാധീനമുണ്ടെന്നും അതുകൊണ്ട് തന്നെ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.