വരാപ്പുഴ പീഡനം: ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാര്‍

single-img
21 August 2017

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ പീഡന കേസിലെ ആദ്യ വിധി പുറത്തുവന്നു. പ്രതികളായ തിരുവനന്തപുരം തിരുമല എംഎസ്പി നഗര്‍ ബഥേല്‍ ഹൗസില്‍ ശോഭാ ജോണ്‍, ആര്‍മി മുന്‍ ഓഫീസര്‍ ജയരാജന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പീഡനവുമായി ബന്ധപ്പെട്ട ആദ്യകേസില്‍ വിധി പറഞ്ഞത്. ശിക്ഷ ഇന്ന് ഉച്ചയ്ക്കു ശേഷം വിധിക്കും. കേസിലെ ആറു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചു. ഇരയായ പെണ്‍കുട്ടിയുടെ സഹോദരി, ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള പ്രതികളെയാണ് വെറുതെ വിട്ടിരിക്കുന്നത്. കേസില്‍ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് ആകെ 48 കേസുകളാണുള്ളത്. 2011 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വരാപ്പുഴയില്‍ ശോഭാ ജോണ്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ആദ്യം അസാശാസ്യത്തിനായിരുന്നു പൊലീസ് കേസെടുത്തത്.

പീന്നീട് പെണ്‍കുട്ടിക്ക് പ്രാപൂര്‍ത്തിയായില്ലെന്ന് വ്യക്തമായതോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് പ്രതികള്‍ പെണ്‍വാണിഭം നടത്തിയ കേസ് ചുരുളഴിഞ്ഞത്. 2012 ല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.