ഭൂമി കയ്യേറ്റം തെളിയിച്ചാല്‍ തന്റെ സ്വത്തെല്ലാം എഴുതിത്തരാമെന്ന് എന്‍.എ. നെല്ലിക്കുന്നിനോട് മന്ത്രി തോമസ് ചാണ്ടി

single-img
21 August 2017

തിരുവനന്തപുരം: കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയോട് മന്ത്രി തോമസ് ചാണ്ടി. തന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചതോടെയാണ് വെല്ലുവിളിയുമായി തോമസ് ചാണ്ടി രംഗത്തെത്തിയത്.

കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, ഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെഎസ്ആര്‍ടിസി നന്നാക്കാന്‍ സമയമെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്. നെല്ലിക്കുന്നിന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായ തോമസ് ചാണ്ടി താന്‍ കൈയേറ്റം നടത്തിയതായി തെളിയിച്ചാല്‍ തന്റെ സ്വത്തെല്ലാം എഴുതിതരാമെന്ന് തിരിച്ചടിക്കുകയായിരുന്നു.

രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്ലേക്കാര്‍ഡുകളുമായി ബഹളം വയ്ക്കുകയായിരുന്നു. തോമസ് ചാണ്ടി രാജിവയ്ക്കുക, സര്‍ക്കാര്‍ അന്വേഷണം നടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ ബഹളം.