പെട്രോള്‍ തീര്‍ന്നാല്‍ പമ്പ് വരെ ഇനി വണ്ടി തള്ളേണ്ടി വരും: പ്ലാസ്റ്റിക് കുപ്പിയുമായി എത്തിയാല്‍ ഇന്ധനം കിട്ടില്ല

single-img
21 August 2017

തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളില്‍ പെട്രോളും ഡീസലും നല്‍കേണ്ടന്ന കര്‍ശന നിര്‍ദ്ദേശവുമായി എണ്ണക്കമ്പനികള്‍. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന എക്‌സ്‌പ്ലോസീവ് ആക്ടിലെ നിയമം കര്‍ശനമായി നടപ്പാക്കാന്‍ പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് എണ്ണക്കമ്പനികള്‍.

പമ്പുകള്‍ നിയമം നടപ്പിലാക്കുന്നുണ്ടോ എന്ന് തങ്ങള്‍ നിരീക്ഷിക്കുമെന്നും എണ്ണക്കമ്പനികള്‍ വ്യക്തമാക്കി. ഇനി മുതല്‍ വഴിയ്ക്കുവച്ച് പെട്രോള്‍ തീര്‍ന്നാലും വണ്ടി തള്ളിക്കൊണ്ട് പമ്പില്‍ എത്തിയാല്‍ മാത്രമേ എണ്ണ ലഭിക്കൂ എന്നാണ് എണ്ണക്കമ്പനികള്‍ വ്യക്തമാക്കുന്നത്.

ഇന്ധന ദുരുപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ ഈ നടപടി. കുപ്പിയില്‍ വാങ്ങിയ പെട്രോള്‍ ഉപയോഗിച്ച് യുവതിയെ കത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അപകടം ഒഴിവാക്കുക എന്നതാണ് എണ്ണക്കമ്പനികള്‍ ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.

മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന്‍ തച്ചങ്കരി ഈ നിയമം നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അന്ന് യാത്രക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ വീണ്ടും കടുത്ത പ്രതിഷേധമാണ് യാത്രക്കാര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.