ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ സത്യാഗ്രഹം

single-img
21 August 2017

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍നിന്ന് ഗുരുതരപരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം ആരംഭിച്ചു. വി ബി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍, ടി വി ഇബ്രാഹിം എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സത്യാഗ്രഹസമരത്തിന് നേതൃത്വം നല്‍കി നിയമസഭയുടെ പ്രധാന കവാടത്തിലുണ്ട്. ശൈലജയുടെ രാജിയില്‍ കുറഞ്ഞ ഒരു തീരുമാനത്തിനും വഴങ്ങില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. അടുത്ത നാല് ദിവസം കൂടി മാത്രമാണ് നിയമസഭ സമ്മേളിക്കുക. ഇതിനുള്ളില്‍ തന്നെ ശൈലജയുടെ രാജി നടപ്പാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. രാജി വയ്ക്കാത്ത പക്ഷം മന്ത്രിയെ നിയമസഭയില്‍ ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

നേരത്തെ സഭയില്‍ ഇന്ന് പാസാക്കേണ്ട പ്രധാനബില്ലായ കേരളമെഡിക്കല്‍ വിദ്യാഭ്യാസ ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിയെ പ്രതിപക്ഷം അനുവദിച്ചില്ല. ബില്‍ അവതരിപ്പിക്കുന്നതിനിടെ ബില്ലിന്റെ കോപ്പി പ്രതിപക്ഷം കീറിയെറിഞ്ഞു. ബില്‍ അവതരണത്തിനിടെ നാടകീയ രംഗങ്ങളാണ് സഭയില്‍ നടന്നത്. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നടുത്തളത്തിലിറങ്ങിയതോടെ സഭാനടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

കോടതിയില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയ ആരും അധികാരത്തില്‍ തുടര്‍ന്ന ചരിത്രം കേരളത്തിലില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സഭക്ക് പുറത്തും ശൈലജയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്താനാണ് തീരുമാനം.

വയനാട് ബാലവകാശ കമ്മീഷന്‍ അംഗമായി ക്രിമിനല്‍ കേസില്‍ പ്രതിയായ ടി ബി സുരേഷിനെ നിയമിച്ചതാണ് ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി രംഗത്ത് വരാന്‍ കാരണം. നിയമനം റദ്ദ് ചെയ്ത കോടതി പഴയ അപേക്ഷയില്‍ നിന്ന് പകരം ആളെ നിയമിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. മുന്‍പ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായിരുന്ന സുരേഷിനെ വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്തിരുന്നു.