കുമ്മനം മലക്കം മറിഞ്ഞു: ‘മെഡിക്കല്‍ കോഴയില്‍ ബിജെപിക്ക് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്ല’

single-img
21 August 2017

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അഴിമതിക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിജിലന്‍സില്‍ മൊഴി നല്‍കി. തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തെത്തിയാണ് അദ്ദേഹം മൊഴി നല്‍കിയത്. മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കുമ്മനം മൊഴി നല്‍കി. വിജിലന്‍സിനോട് പറഞ്ഞ കാര്യങ്ങള്‍ മൊഴി നല്‍കി പുറത്തുവന്നശേഷം മാധ്യമപ്രവര്‍ത്തരോടും കുമ്മനം ആവര്‍ത്തിച്ചു.

തനിക്ക് ലഭിച്ച പരാതിയില്‍ വ്യക്തിപരമായി അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും കോഴ വിവാദത്തിന് ബിജെപിയുമായി ബന്ധമില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഓഫീസ് സെക്രട്ടറി കണ്ടിരുന്നു, എന്നാല്‍ താന്‍ നേരിട്ട് കണ്ടിട്ടില്ല. ഇതൊരു വ്യക്തിയുമായി ബന്ധപ്പെട്ട വഞ്ചനാകുറ്റമാണ്.

അത് അതിന്റേതായ രീതിയില്‍ പൊയ്‌ക്കോട്ടെ. പണം വാങ്ങിയ ആളും നല്‍കിയ ആളും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പ്രശ്‌നമാണിത്. ഇതില്‍ പാര്‍ട്ടിക്ക് യാതൊരു റോളുമില്ലെന്നും കുമ്മനം പറഞ്ഞു. മെഡിക്കല്‍ കോഴയാരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനല്ല, പാര്‍ട്ടി അച്ചടക്കനടപടി ലംഘിച്ചതിനാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിവി രാജേഷിനെതിരെ നടപടി സ്വീകരിച്ചതെന്ന് കുമ്മനം പറഞ്ഞു.

അതേസമയം, തന്റെ പിഎയായ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് കണ്ടിരിക്കാമെന്ന് കുമ്മനത്തിന് വിജിലന്‍സിന് മുന്നില്‍ സമ്മതിക്കേണ്ടിവന്നു. വിജിലന്‍സ് ഇതിനുള്ള തെളിവുകള്‍ ഹാജരാക്കിയപ്പോഴാണ് രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടാകുമെന്ന് കുമ്മനം രാജശേഖരന്‍ അറിയിച്ചത്. രാധാകൃഷ്ണന്റെ മൊഴി നാളെ വിജിലന്‍സ് രേഖപ്പെടുത്തും.

കൂടാതെ മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ബിജെപി നേതാക്കളായ കെപി ശ്രീശനും എകെ നസീറും നാളെ വിജിലന്‍സിന് മൊഴി നല്‍കാനെത്തും. നേരത്തെ ഇരുവര്‍ക്കും മൊഴി നല്‍കാനെത്താന്‍ വിജിലന്‍സ് നിര്‍ദേശം നല്‍കിയെങ്കിലും പാര്‍ട്ടി നിര്‍ദേശപ്രകാരം 22 ന് മൊഴി നല്‍കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.