കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ജീവനക്കാര്‍ പണിമുടക്ക് സമരങ്ങളില്‍ നിന്നു പിന്മാറണമെന്ന് മുഖ്യമന്ത്രി

single-img
21 August 2017

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള നടപടികള്‍ സജീവമായിത്തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ എല്ലാ ജീവനക്കാരില്‍ നിന്നും ഇക്കാര്യത്തില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും സ്ഥാപനം നേരിടുന്ന അസാധാരണ പ്രതിസന്ധി കണക്കിലെടുത്ത് മിന്നല്‍ പണിമുടക്ക് പോലുള്ള സമരങ്ങളിലേക്ക് തൊഴിലാളികള്‍ കടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാരങ്ങള്‍ വിജയിപ്പിക്കുവാന്‍ ഭരണപ്രതിപക്ഷ സംഘടനകളുടെ പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘കെഎസ്ആര്‍സിയെ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായവുമെന്ന്’ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

അതേസമയം സമരം ചെയ്ത ഐഎന്‍ടിയുസി യൂണിയന്‍ നേതാവിനെതിരെ നടപടിയെടുത്ത കാര്യവും സമരത്തില്‍ പങ്കെടുത്ത ജീവനക്കാരെ സ്ഥലമാറ്റിയതും ചെന്നിത്തല സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ജീവനക്കാര്‍ക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കില്ലെന്നും സമരം നടത്തിയതിന്റെ പേരില്‍ ട്രാന്‍സ്ഫര്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെല്ലാം നേരത്തെ ജോലി ചെയ്ത സ്ഥലത്ത് തന്നെ പുനര്‍നിയമനം നല്‍കിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി തോമസ് ചാണ്ടി സഭയെ അറിയിച്ചു.