രാത്രിയില്‍ വീട്ടില്‍ പോകാന്‍ ‘വണ്ടി കിട്ടിയില്ല’: മദ്യലഹരിയിലായ യുവാവ് കെഎസ്ആര്‍ടിസി ബസ് കടത്തി

single-img
21 August 2017

കൊല്ലം: മദ്യലഹരിയില്‍ കെഎസ്ഇബിക്കും കെഎസ്ആര്‍ടിസിക്കും എട്ടിന്റെ പണികൊടുത്ത യുവാവ് പോലീസ് പിടിയിലായി. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി ശിവജ്യോതിയില്‍ അലോഷിയാണ് പിടിയിലായത്. കുറ്റം എന്തെന്നോ?, കെഎസ്ആര്‍ടിസി ബസ് കടത്തികൊണ്ടുപോകല്‍. സംഭവം ഇങ്ങനെ.

ഇന്നലെ രാത്രി നന്നായി മദ്യപിച്ചിരുന്ന അലോഷി എങ്ങനെ വീട്ടില്‍ പോകുമെന്ന ആലോചനയിലാണ് യാത്ര കെഎസ്ആര്‍ടിസിയില്‍ തന്നെയാക്കാമെന്നു കരുതിയത്. പിന്നെ ഒന്നും നോക്കിയില്ല, കൊല്ലത്ത് ലിങ്ക് റോഡില്‍ സര്‍വ്വീസ് കഴിഞ്ഞ് പാര്‍ക്ക് ചെയ്തിരുന്ന കണ്ണനല്ലൂര്‍ തിരുവനന്തപുരം റൂട്ടിലോടുന്ന ബസില്‍ കയറി സ്റ്റാര്‍ട്ടാക്കി, നേരേയങ്ങ് വീട്ടിലേക്ക്.

രാത്രി 12 മണിയോടെ ചിന്നകടയിലെത്തി ഓവര്‍ ബ്രിഡ്ജിലേക്ക് തിരിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചതോടെ സംഭവം പാളി. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെത്തി ഇയാളെ കയ്യോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍, വീട്ടിലേക്ക് പോകാന്‍ കെഎസ്ആര്‍ടിസി ബസ് എടുത്തു കൊണ്ടുവരികയായിരുന്നുവെന്ന് അലോഷി പൊലീസിനോട് പറഞ്ഞു.

ഒരാഴ്ച മുന്‍പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയതെന്നും രണ്ടു ദിവസം സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നെന്നും അലോഷി പറഞ്ഞു. ഓട്ടോ റിക്ഷാ ഡ്രൈവറായ അലോഷിക്ക് ലോറി ഓടിക്കാന്‍ അറിയാമെന്നും മദ്യലഹരിയിലാണ് ബസ് കടത്തിയതെന്നും പൊലീസ് പറഞ്ഞു.