മോദി-ഷാ ‘കുതന്ത്രങ്ങള്‍’ കര്‍ണാടകയില്‍ ഏല്‍ക്കില്ല: കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയെന്ന് സര്‍വേ ഫലം

single-img
21 August 2017

ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ ഫലിക്കില്ലെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും പ്രീപോള്‍ സര്‍വേഫലം. അടുത്ത വര്‍ഷം വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. സീ ഫോര്‍ നടത്തിയ സര്‍വേയിലാണ് ഈ ഫലം. കഴിഞ്ഞ മാസം 19 തൊട്ട് ഈ മാസം 10 വരെ നടത്തിയ സര്‍വേയിലാണ് ഈ ഫലം വന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സര്‍വേ നടന്നത്.

സര്‍വേപ്രകാരം 225 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 120 മുതല്‍ 132 വരെ സീറ്റുകള്‍ ലഭിക്കാം. ബി.ജെ.പി 60 മുതല്‍ 72 വരെ സീറ്റുകളും ജെ.ഡി.എസ് 24 മുതല്‍ 30 വരെ സീറ്റുകളും മറ്റുള്ളവര്‍ ഒന്നുമുതല്‍ ആറുവരെയും സീറ്റുകള്‍ നേടാമെന്നും സര്‍വേ പ്രവചിക്കുന്നു. ആകെ പോള്‍ ചെയ്യുന്ന വോട്ടിന്റെ 43 ശതമാനം കോണ്‍ഗ്രസിനും 32 ശതമാനം ബി.ജെ.പിയ്ക്കും 17 ശതമാനം ജെ.ഡി.എസിനും ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും സിദ്ദരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും 53 ശതമാനം പേരും നിലവിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണെന്നും സര്‍വേ പറയുന്നു. തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായേക്കാവുന്ന വിവിധ വിഷയങ്ങളും തങ്ങള്‍ സര്‍വേയില്‍ പരിഗണിച്ചെന്നും സീഫോര്‍ വിശദീകരിച്ചു.