മന്ത്രി തോമസ് ചാണ്ടിക്കും പിവി അന്‍വറിനുമെതിരെ അന്വേഷണം വേണമെന്ന് വി.എസ്

single-img
20 August 2017

തിരുവനന്തപുരം: ഭൂമി കൈയേറ്റത്തിന്റെ പേരില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും പിവി അന്‍വര്‍ എംഎല്‍എക്കുമെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ്, മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന സ്ഥിതിയുണ്ടാകാന്‍ പാടില്ലെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ ഭൂമി കൈയേറ്റം തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു. രണ്ട് സംഭവങ്ങളിലും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേ സമയം നിയമസഭയില്‍ മുഖ്യമന്ത്രി ഇരുവരുടേയും നിയമലംഘനങ്ങള്‍ ന്യായീകരിച്ചാണ് രംഗത്തെത്തിയത്.

തോമസ് ചാണ്ടിയുടെ പേരിലുള്ള കായല്‍ കൈയേറ്റ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ചാണ്ടിയുടെ കായല്‍ തീര റിസോര്‍ട്ടിന് സമീപം പ്ലാസ്റ്റിക് കെട്ടി തിരിച്ചത് പോള കയറാതിരിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പി.വി.അന്‍വറിന്റെ പാര്‍ക്ക് എല്ലാ അനുമതികളോടെയുമാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു.