അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു

single-img
20 August 2017

ന്യൂഡല്‍ഹി: ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ലഡാക്കില്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ മനുഷ്യ മതില്‍ തീര്‍ത്ത് തടയുന്നതും അവരെ ചൈനീസ് സൈനികര്‍ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 72 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ആധികാരികത വ്യക്തമല്ല.

സ്വാതന്ത്ര്യദിനത്തിലാണ് ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. ഇതു തടഞ്ഞ ഇന്ത്യന്‍ സേനയ്‌ക്കെതിരെ ചൈനീസ് സൈന്യം കല്ലെറിയുന്നുമുണ്ട്. ഏകദേശം അന്‍പതോളം സൈനികര്‍ പരസ്പരം കല്ലെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ലഡാക്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുസൈനികരും ഏറ്റുമുട്ടുന്നത്. അതേസമയം സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ലഡാക്കില്‍ ഇന്ന് കരസേനാ മേധാവി സന്ദര്‍ശനം നടത്തുന്നുണ്ട്.

ദോക് ലായെ ചൊല്ലി ജൂണ്‍ 16ന് ആണ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം വീണ്ടും സജീവമായത്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് പ്രശ്‌നം. ദോക് ലായില്‍ ചൈന റോഡു നിര്‍മിക്കാന്‍ തീരുമാനിച്ചതായിരുന്നു കാരണം. ഇതിനു പിന്നാലെയാണ് പാന്‍ഗോങ് തടാകം വഴി നുഴഞ്ഞുകയറാന്‍ സൈന്യം ശ്രമിച്ചത്.