ചെമ്പനോടയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവം: റവന്യൂ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് മന്ത്രി തള്ളി

single-img
20 August 2017

തിരുവനന്തപുരം: വില്ലേജ് ഓഫിസ് അധികൃതര്‍ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്നു ചെമ്പനോടയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ റവന്യൂ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് മന്ത്രി തള്ളി. സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നികുതി സ്വീകരിക്കാന്‍ കഴിയുമായിരുന്നോ ഇല്ലയോ എന്ന സുപ്രധാന ചോദ്യത്തിനു മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് തള്ളി, പുതിയ റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, സംഭവം നടന്ന് ഇത്രദിവസം പിന്നിട്ടിട്ടും പുതുക്കിയ റിപ്പോര്‍ട്ട് മന്ത്രിയുടെ ഓഫീസില്‍ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലുള്ള അതൃപ്തി റവന്യൂ മന്ത്രിയുടെ ഓഫിസ് റവന്യൂ സെക്രട്ടറിയെ അറിയിച്ചു. അതേസമയം റവന്യൂ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംഭവത്തെക്കുറിച്ചുള്ള വിശദീകരണവും തുടര്‍ന്നു സ്വീകരിക്കേണ്ട നടപടിക്രമങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്.

ഭാര്യയുടെ പേരിലുള്ള 80 സെന്റ് വസ്തുവിന്റെ നികുതി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ 22ന് ചെമ്പനോടയിലെ കാവില്‍ പുരയിടം തോമസ് (58) വില്ലേജ് ഓഫിസിന്റെ വരാന്തയില്‍ ജീവനൊടുക്കിയത്. കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നിട്ടുണ്ടോയെന്നു പരിശോധിക്കാനാണു ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

വില്ലേജ് ഓഫിസില്‍ നേരിട്ടെത്തി പരിശോധന നടത്തിയ അദ്ദേഹം പരാതിക്കാരില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും മൊഴിയെടുത്തിരുന്നു. സംഭവത്തില്‍ വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റന്റിനെയും കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തോമസിന്റെ ഭൂമിയുടെ നികുതി 2015വരെ അധികൃതര്‍ സ്വീകരിച്ചിരുന്നു.

തുടര്‍ന്നു നികുതി സ്വീകരിക്കാതെ വന്നപ്പോള്‍ തോമസിന്റെ കുടുംബം കഴിഞ്ഞവര്‍ഷം ജൂണില്‍ വില്ലേജ് ഓഫിസിനു മുന്നില്‍ സത്യഗ്രഹം നടത്തി. അന്നു തഹസില്‍ദാര്‍ ഇടപെട്ടു താല്‍ക്കാലികമായി നികുതി സ്വീകരിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ നികുതി സ്വീകരിച്ചില്ല. നികുതി രസീതും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും ലഭിക്കാത്തതുമൂലം വായ്പയെടുക്കാനാകാത്തതു കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.