ആരോപണത്തിനു പിന്നിൽ യുഡിഎഫ് ക്യാംപ്;പാര്‍ക്കിന് എല്ലാവിധ അനുമതിയുമുണ്ടെന്ന് അന്‍വര്‍

single-img
19 August 2017

മലപ്പുറം: കോഴിക്കോട് കക്കാടംപൊയിലില്‍ തന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായിട്ടെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍. പഞ്ചായത്തിന്റെ അനുമതിയോടെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പാര്‍ക്കിനു ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും ഈ ലൈസന്‍സുകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ എന്‍ഒസികളും ലഭിച്ചിട്ടുണ്ട്. പാര്‍ക്കിനെ കുറിച്ച് പഠിക്കാന്‍ പഞ്ചായത്ത് രണ്ട് സബ് കമ്മറ്റികള്‍ കൂടിയിരുന്നു. ഇതിനുശേഷമാണ് പഞ്ചായത്ത് പാര്‍ക്കിനു ലൈസന്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ മുരുകേശ് നരേന്ദ്രന്‍ എന്ന് വ്യക്തിയാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് അദ്ദേഹം തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ പറഞ്ഞു. മുരുകേശിന്റെ സ്വത്ത് വിഷയത്തില്‍ ഇടപെട്ടതാണ് വൈരാഗ്യത്തിനു കാരണം. എംഎല്‍എ എന്ന നിലയില്‍ വിഷയത്തില്‍ ഇടപെട്ടതിനെ മുരുകേശന്‍ എതിര്‍ത്തിരുന്നു. ഈ വിഷയത്തില്‍ മുരുകേശന്‍ ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും എംഎല്‍എ പറഞ്ഞു.

അതേസമയം മാലിന്യനിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി റദ്ദാക്കുകയുണ്ടായി. മൂന്നു മാസം മുന്‍പായിരുന്നു പാര്‍ക്കിനു അധികൃതര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ മൂന്നു മാസത്തിനുള്ളില്‍ മാലിന്യസംസ്‌കരണത്തിനുള്ള സൗകര്യം ഒരുക്കണമെന്ന വ്യവസ്ഥകളോടെയാണ് പാര്‍ക്കിനു അനുമതി നല്‍കിയിരുന്നതെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ഇത് ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു പാര്‍ക്കിനെതിരെ നടപടി .