എന്‍സിപി കേരള യുവജനഘടകം പിരിച്ചുവിട്ടു

single-img
18 August 2017

മുംബൈ: എന്‍സിപിയുടെ യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസിന്റെ കേരള ഘടകത്തെ പിരിച്ചുവിട്ടു. എന്‍വൈസി ദേശീയ അധ്യക്ഷന്‍ രാജീവ്കുമാര്‍ ഝായാണ് കേരളാ ഘടകത്തെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട എന്‍സിപി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനെ പുറത്താക്കിയതായും രാജീവ്കുമാര്‍ വ്യക്തമാക്കി.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ടതിന്റെ ഭാഗമായുള്ള പ്രതികാര നടപടിയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടിയുടെ കേരള അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തിനുശേഷം ഉടലെടുത്ത വിഭാഗീയതയും, ഒരുവിഭാഗം തോമസ് ചാണ്ടിയ്‌ക്കെതിരേ രംഗത്തുവന്നതുമാണ് യുവജന സംഘടനയ്‌ക്കെതിരേയുള്ള നടപടിയില്‍ കലാശിച്ചത്.

അതേസമയം സ്ഥാനത്തിന് വേണ്ടി താന്‍ പാര്‍ട്ടിയില്‍ തുടരില്ലെന്നും മന്ത്രിയുടെ രാജി ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. തോമസ് ചാണ്ടി നടത്തിയത് കേരളം കണ്ടതില്‍ വച്ച് എറ്റവും വലിയ അഴിമതിയാണെന്നും മുജീബ് പറഞ്ഞു.

എന്‍വൈസി കേരള ഘടകം അധ്യക്ഷന്‍ മുജീബ് റഹ്മാന്‍, പാര്‍ട്ടി വിഭാഗീയതയില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രനോട് ആഭിമുഖ്യം പുലര്‍ത്തുന്ന വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നയാളാണ്. ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍ തോമസ് ചാണ്ടിയടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ആലപ്പുഴയില്‍ തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നും എംപി ഫണ്ട് ഉപയോഗിച്ച് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്നും മുജീബ് റഹ്മാന്‍ ഉള്‍പ്പെടുന്ന വിഭാഗം ആരോപിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന് മുജീബ് റഹ്മാന്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടാണ് ദേശീയ നേതൃത്വത്തിന്റെ അച്ചടക്കനടപടിയില്‍ കലാശിച്ചത്.