മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കല്‍ കോളെജിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്

single-img
18 August 2017

തിരുവനന്തപുരം: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. 15 വെന്റിലേറ്ററുകള്‍ ഉണ്ടായിരുന്നിട്ടും മുരുകന് ചികിത്സ നിഷേധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷയത്തില്‍ മെഡിക്കല്‍ കോളെജ് സൂപ്രണ്ടും പ്രിന്‍സിപ്പലും നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മുരുകനെ കൊണ്ടുവരുമ്പോള്‍ മെഡിക്കല്‍ കോളെജില്‍ 34 വെന്റിലേറ്ററുകള്‍ ഒഴിവ് ഉണ്ടായിരുന്നെന്നും ഇതില്‍ 15 എണ്ണം പ്രവര്‍ത്തനക്ഷമം ആയിരുന്നെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുരുകന് ചികിത്സ നല്‍കേണ്ടിയിരുന്ന ട്രോമ ന്യൂറോ സര്‍ജറി ഐസിയുവില്‍ രണ്ട് സ്റ്റാന്‍ഡ് ബൈ വെന്റിലേറ്ററുകളാണ് ഉണ്ടായിരുന്നത്.

ഹൃദ്രോഗ വിഭാഗം ഐസിയുവില്‍ ഉണ്ടായിരുന്ന സ്റ്റാന്‍ഡ് ബൈ വെന്റിലേറ്ററുകളില്‍ ഒരെണ്ണം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വിവിഐപി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒഴിച്ചിട്ടിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആശുപത്രികള്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ആശുപത്രികളുടെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് മുരുകന് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ മാപ്പ് പറഞ്ഞിരുന്നു. മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.