കണ്ണൂരില്‍ രണ്ടു കുട്ടികളുടെ അമ്മയായ യുവതിക്ക് കാമുകനൊപ്പം പോകാന്‍ കോടതിയുടെ അനുമതി

single-img
18 August 2017

കണ്ണൂര്‍: തലശ്ശേരിയില്‍ രണ്ടു കുട്ടികളുടെ അമ്മയായ യുവതിക്ക് കാമുകനൊപ്പം പോകാന്‍ കോടതിയുടെ അനുമതി. പാറപ്രം സ്വദേശിയായ യുവതിയാണ് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്.

നേരത്തെ മകനുമായി കാമുകനൊപ്പം വിദേശത്തേക്ക് കടന്ന ഇവരെ പ്രവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് തിരിച്ചെത്തിക്കുകയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ 29 ന് വിദേശത്തു നിന്നും എത്തിയ ഭര്‍ത്താവ് ഉറങ്ങിക്കിടക്കെ രാത്രിയില്‍ ഇളയ മകനുമായി വീടു വിട്ടിറങ്ങിയ യുവതി പിണറായി സ്വദേശിയായ കാമുകനൊപ്പം ഒമാനിലേയ്ക്ക് പോവുകയായിരുന്നു.

വിവരം അറിഞ്ഞ ഭര്‍ത്താവ് ഒമാനിലെ തന്റെ സുഹൃത്തുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരും ഒമാനില്‍ എത്തിയ ഉടന്‍ പോലീസും സംഘടനകളും ഇടപെട്ട് ഇവരെ തിരിച്ച് നാട്ടിലേയ്ക്ക് തന്നെ അയച്ചു. ഒമാനില്‍ നിന്നും കോഴിക്കോട്ടെത്തിയ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് തലശ്ശേരി കോടതിയില്‍ ഹാജരാക്കി.

തുടര്‍ന്ന് കോടതിയില്‍ തനിക്ക് കാമുകനൊപ്പം പോകണമെന്ന് ഉറച്ച നിലപാടെടുത്ത യുവതി മക്കളെ കൂടെ കൂട്ടാന്‍ തയ്യാറായില്ല. ഇതോടെ മക്കളുടെ സംരക്ഷണം ഭര്‍ത്താവിനു വിട്ട കോടതി യുവതിയെ കാമുകനൊപ്പം വിടുകയായിരുന്നു. ഇതിനിടെ, അമ്മയെ വിടാന്‍ കൂട്ടാക്കാതെയുള്ള നാലുവയസ്സുകാരന്റെ കരച്ചില്‍ കൂടി നിന്നവര്‍ക്ക് നൊമ്പരക്കാഴ്ച്ചയായി. ഈ മകനെ കൂടാതെ എട്ടു വയസ്സുള്ള ഒരു കുട്ടികൂടി ഇവര്‍ക്കുണ്ട്.