ജീവനക്കാരിയുടെ സാരി അഴിക്കാന്‍ ശ്രമിച്ച മേലുദ്യോഗസ്ഥന്‍ ‘സിസിടിവിയില്‍ കുടുങ്ങി’

single-img
18 August 2017

ഡല്‍ഹി: ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിയെ മേലുദ്യോഗസ്ഥന്‍ ജോലി സ്ഥലത്ത് വെച്ച് അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. സുരക്ഷാ വിഭാഗം മേധാവി തന്നോട് കാട്ടിയ അപമാനത്തെ കുറിച്ച് ഹോട്ടല്‍ അധികൃതരോട് പരാതി പറഞ്ഞപ്പോള്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

33 കാരിയായ യുവതിയാണ് ഹോട്ടലിലെ സുരക്ഷാ വിഭാഗം മേധാവി അപമര്യാദയായി പെരുമാറുകയും വലിച്ചിഴക്കുകയും സാരിയില്‍ പിടിച്ച് വലിക്കുകയും ചെയ്‌തെന്ന് കാട്ടി പരാതി നല്‍കിയിരിക്കുന്നത്. തന്റെ പിറന്നാള്‍ ദിനമായ ജൂലൈ 29ന്
മേലുദ്യോഗസ്ഥന്‍ ക്യാബിനിലേക്ക് വിളിപ്പിക്കുകയും ക്രെഡിറ്റ് കാര്‍ഡ് നല്‍കി എന്ത് വേണമെങ്കിലും പിറന്നാള്‍ സമ്മാനമായി വാങ്ങാമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് കൈയില്‍ കടന്നു പിടിക്കുകയും സാരി അഴിക്കാന്‍ ശ്രമിക്കുകയും രാത്രിയില്‍ തന്നോടൊപ്പം ഹോട്ടലില്‍ കഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

ഹോട്ടലില്‍ കസ്റ്റമര്‍ റിലേഷന്‍ വിഭാഗത്തിലാണ് യുവതി ജോലി ചെയ്യുന്നത്. അതിക്രമത്തെക്കുറിച്ച് യുവതി പിറ്റേന്ന് എച്ച്ആര്‍ വിഭാഗത്തില്‍ പരാതികൊടുത്തെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതുകൂടാതെ മാനേജര്‍ അതിക്രമം നടത്തുന്ന ദൃശ്യം യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

അതേസമയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ ഹോട്ടല്‍ അധികൃതര്‍ മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, കഴിഞ്ഞദിവസം ഓഫീസിലെത്തിയ യുവതിയെ എച്ച്ആര്‍ മാനേജര്‍ വിളിപ്പിക്കുകയും പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് നല്‍കുകയുമായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയതാണ് പിരിച്ചുവിടലിന് കാരണമായി ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. യുവതിയ്ക്ക് സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയ ജീവനക്കാരനെയും ഹോട്ടല്‍ പുറത്താക്കിയിട്ടുണ്ട്.