അന്‍വര്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി സിപിഎം: ‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പാര്‍ക്ക് സഹായിച്ചു’

single-img
18 August 2017

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് പിന്തുണയുമായി സിപിഎം രംഗത്ത്. കക്കാടംപൊയിലില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം അനിവാര്യമാണെന്നും പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പാര്‍ക്ക് സഹായിച്ചുവെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. സിപിഎം കൂടരഞ്ഞി ലോക്കല്‍ കമ്മിറ്റി പാര്‍ട്ടിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പാര്‍ക്കിനുളള പിന്തുണ വ്യക്തമാക്കിയത്.

അതേസമയം പാര്‍ക്കുമായി ബന്ധപ്പെട്ട കൂടുതല്‍ നിയമ ലംഘനങ്ങള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം റവന്യൂമന്ത്രി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. നിയമലംഘനം പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്നാല്‍ പാര്‍ക്കിന് എല്ലാ അനുമതികളുമുണ്ടെന്ന നിലപാടിലാണ് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും.

പാര്‍ക്കിന്റെ നിയമലംഘനങ്ങള്‍ക്ക് പഞ്ചായത്ത് ഒത്താശ ചെയ്യുന്നെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കൂടരഞ്ഞി പഞ്ചായത്ത് ഓഫീസ് ഉപരോധം അവസാനിപ്പിച്ചു. ഉടന്‍ ഭരണസമിതി ചേര്‍ന്നു പാര്‍ക്കിന് അനുമതി നല്‍കിയ തീരുമാനം പുനഃപരിശോധിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

നേരത്തെ, പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് അകമഴിഞ്ഞ സഹായം നല്‍കിയതും വിവാദമാവുന്നു. പാര്‍ക്കിന് ആനുകൂല്യം നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രതിപക്ഷമായ സിപിഎമ്മിനും എതിരഭിപ്രായമുണ്ടായില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ടു തവണ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പിഴയടച്ചു ക്രമപ്പെടുത്താന്‍ പഞ്ചായത്ത് ഐകകണ്‌ഠ്യേന തീരുമാനമെടുക്കുകയായിരുന്നു.

ലൈസന്‍സ് ഇല്ലാതെ റസ്റ്റോറന്റ് പ്രവര്‍ത്തിപ്പിച്ചതിന് 5,000 രൂപയും താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ചു കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിപ്പിച്ചതിന് 2,000 രൂപയും പിഴ വാങ്ങി ക്രമപ്രകാരമാക്കി. രണ്ടു വിഭാഗത്തിലും ലൈസന്‍സ് കിട്ടും മുന്‍പ് പ്രവേശനം നടത്തിയതു പഞ്ചായത്ത് കണ്ടില്ലെന്നു നടിച്ചു. രണ്ടു ഹെക്ടറില്‍ പണിതീര്‍ത്ത വാട്ടര്‍ തീം പാര്‍ക്കിനു രണ്ടു കോടി രൂപയാണു നിര്‍മാണച്ചെലവ് കണക്കാക്കുന്നത്. ഇതിന് ആറു ലക്ഷം രൂപ വരെ പഞ്ചായത്തിനു നികുതി ഈടാക്കാം. എന്നാല്‍ അഞ്ചു ലക്ഷം രൂപ നികുതി മതിയെന്നു തീരുമാനിക്കുകയായിരുന്നു.

ഇതില്‍ത്തന്നെ ഒന്നാം വര്‍ഷം 60 ശതമാനവും രണ്ടാം വര്‍ഷം 40 ശതമാനവും മൂന്നാം വര്‍ഷം 20 ശതമാനവും നികുതി ഇളവു കൊടുക്കുകയും ചെയ്തു. ഭരണപ്രതിപക്ഷങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനത്തിനു ന്യായീകരണമായി പറയുന്നതു പഞ്ചായത്ത് രാജ് നിയമത്തില്‍ ഇങ്ങനെ നികുതിയിളവ് അനുവദിക്കാമെന്നാണ്. പുഴയിലെ സ്വാഭാവിക നീരൊഴുക്കു തടസ്സപ്പെടുത്തി തടയണ നിര്‍മിച്ചാണു പാര്‍ക്കിലേക്കു വെള്ളമെത്തിക്കുന്നത്. ഉയര്‍ന്ന കുന്നിനു മുകളില്‍ വെള്ളം കെട്ടിനിര്‍ത്തിയുള്ള പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളും ക്രമവിരുദ്ധമാണെന്നു കാട്ടി പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.