ആശുപത്രികളുടെ പകല്‍ക്കൊള്ള അവസാനിക്കും: കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ ചിലവ് കുറയും

single-img
17 August 2017

ഡല്‍ഹി: കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ പേരില്‍ ആശുപത്രികളില്‍ നടക്കുന്ന പകല്‍ക്കൊള്ള തടയാന്‍ കേന്ദ്രം നടപടി തുടങ്ങി. ഇതേത്തുടര്‍ന്ന് തേയ്മാനം കാരണം മാറ്റിവെയ്ക്കുന്ന കൃത്രിമ കാല്‍മുട്ടിന്റെ വില 54720 രൂപയ്ക്ക് താഴെ ആയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

ഹൃദയ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ വില കേന്ദ്രം നേരത്തെ വെട്ടിക്കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൃത്രിമ കാല്‍ മുട്ടുകളുടെ വിലയിലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിലൂടെ വര്‍ഷം 1500 കോടി രൂപയുടെ നേട്ടമുണ്ടാകുമെന്ന് മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു.

പ്രതിവര്‍ഷം ഒന്നരലക്ഷം പേരാണ് രാജ്യത്ത് മുട്ടുമാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നത്. കൊള്ള ലാഭത്തിനെതിരേ ശക്തമായ നടപടികള്‍ തുടരുമെന്നും വില പരിധി ലംഘിക്കുന്ന ആശുപത്രികള്‍ക്കും വ്യാപാരികള്‍ക്കുമെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കൃത്രിമ കാല്‍മുട്ടുകള്‍ക്ക് നിലവില്‍ ഒന്നര ലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ് ആശുപത്രികള്‍ വില ഈടാക്കുന്നത്. കൂടുതലായി ഉപയോഗിക്കപ്പെടുന്ന കൊബാള്‍ട്ട് ക്രോമിയം ഇംപ്ലാന്റുകള്‍ക്ക് 54,720 രൂപയും നികുതിയും ആണ് പരമാവധി വില. ഇപ്പോള്‍ ഇതിന് 1,58,324 രൂപ വരെ ഈടാക്കുന്നുണ്ട്.

65 ശതമാനത്തോളം വിലക്കുറവാണ് ഇതിനുണ്ടാകുന്നത്. ടൈറ്റാനിയം, ഓക്‌സിഡൈസ്ഡ് സിര്‍ക്കോണിയം എന്നിങ്ങനെയുള്ള പ്രത്യേകതരം ലോഹങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഇംപ്ലാന്റുകള്‍ക്ക് ഇനി 76,600 രൂപയായിരിക്കും പരമാവധി വില. ഇതിന് 2,46,251 രൂപ വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്.