എല്ലാ പഴുതുകളും അടച്ച് പൊലീസ്: നാളെ ദിലീപിന് ജാമ്യം കിട്ടുമോ

single-img
17 August 2017

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ദിലീപിന് ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ മാസം 10 ന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി ഈ മാസം 18 ലേക്ക് മാറ്റുകയായിരുന്നു.

കേസിലെ ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാന്‍ പര്യാപ്തമായ യാതൊരു തെളിവും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാണു ദിലീപ് പുതിയ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ജൂലൈ 24 ന് കോടതി തള്ളുകയായിരുന്നു. പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു അന്ന് കോടതി ജാമ്യം നിഷേധിച്ചത്.

പ്രശസ്ത അഭിഭാഷകന്‍ ബി രാമന്‍ പിള്ള വഴിയാണ് ദിലീപ് ഇത്തവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ തനിക്കെതിരെ വന്‍ഗൂഢാലോചന നടന്നെന്നും ഇതിന്റെ ഫലമായാണ് താന്‍ പ്രതിയായതെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നു. പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

മുഖ്യപ്രതി സുനില്‍ കുമാറിനെ ജിവിതത്തില്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് ദിലീപ് വാദിക്കുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരേയും എഡിജിപി സന്ധ്യയുള്‍പ്പെടെയുള്ളവര്‍ക്കെതിരെയും ജാമ്യാപേക്ഷയില്‍ പരാമര്‍ശങ്ങളുണ്ട്. സുനില്‍കുമാറിന്റെ കത്ത് ലഭിച്ചപ്പോള്‍ തന്നെ ഡിജിപിയ്ക്ക് വാട്‌സ് അപ് വഴി കൈമാറിയെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു.

കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി ബി സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമുണ്ടെന്നും ഇത് കേസന്വേഷണത്തെ ബാധിച്ചുവെന്നുമാണ് ദിലീപിന്റെ ജാമ്യഹര്‍ജിയിലെ പ്രധാന ആരോപണം. ഇവരെക്കൂടാതെ പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവരെയും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

സംഭവം നടന്നശേഷം ഗൂഢാലോചനയുണ്ടെന്നു മഞ്ജുവാര്യര്‍ ആരോപിച്ചതു തന്നെ സംശയം ജനിപ്പിക്കുന്നതാണെന്നും തനിക്കെതിരേ കഥകള്‍ മെനഞ്ഞതാണെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗിനിടെ മഞ്ജുവിന്റെയും ശ്രീകുമാറിന്റെയും പേരു പറഞ്ഞപ്പോള്‍ എഡിജിപി ബി.സന്ധ്യ കാമറ ഓഫാക്കിയതിനാല്‍ തന്റെ പരാമര്‍ശം പോലീസ് രേഖപ്പെടുത്തിയില്ലെന്നും നടന്‍ വ്യക്തമാക്കി.

മാത്രമല്ല ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യല്‍ ഐ.ജി. ദിനേശ് കശ്യപിനെ അറിയിക്കാതെയാണെന്നും ദിലീപ് പറയുന്നു. നേരത്തെ ഡി.ജി.പി ബെഹ്‌റക്കെതിരെയും ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. നടിയെ ആക്രമിച്ച ദിവസം പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം അന്ന് തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. പള്‍സര്‍ സുനിയുമായുള്ള ഫോണ്‍ സംഭാഷണവും മറ്റെല്ലാ വിവരങ്ങളും ഡിജിപിയ്ക്ക് കൈമാറിയിരുന്നുവെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു.

സിനിമ മേഖലയില്‍നിന്ന് തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്നും അതിന്റെ ഭാഗമായാണ് തന്നെ പ്രതിചേര്‍ത്തിരിക്കുന്നതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. സിനിമയിലെ ചിലര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ശക്തരായ ആളുകളാണ് തനിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നിലെന്നും മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയ നേതാക്കളേയും ഇവര്‍ സ്വാധീനിച്ചിട്ടുണ്ടെന്നും 51 പേജുള്ള ഹര്‍ജിയില്‍ ദിലീപ് പറയുന്നുണ്ട്.

കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്കെതിരെയുള്ള താരത്തിന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല. സുനിയെ താന്‍ കണ്ടിട്ടില്ലെന്ന് തന്നെയാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. പള്‍സര്‍ സുനി ബ്ലാക്ക്‌മെയിലിംഗിനുള്ള ശ്രമമാണ് നടത്തിയതെന്നും തന്നെ ബോധപൂര്‍വ്വം ഈ കേസിലേയ്ക്ക് ചേര്‍ക്കുകയായിരുന്നുവെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു.

കേസിലെ പുതിയ സാഹചര്യങ്ങളില്‍ ദിലീപിന് ജാമ്യം കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് അഭിഭാഷകരുടെ വിലയിരുത്തല്‍. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പിടികൂടിയില്ല, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ മുമ്പത്തെ ജാമ്യാപേക്ഷയെ എതിര്‍ത്തതും ഹൈക്കോടതി തള്ളിയതും.

എന്നാല്‍ ഇതിന് ശേഷം അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കി. മൊബൈല്‍ ഫോണ്‍ നശിപ്പിച്ച് കളഞ്ഞെന്ന് അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊഴി നല്‍കിയിട്ടുമുണ്ട്. അതിനാല്‍ ഇക്കാര്യങ്ങള്‍ നിരത്തി ഇനി ജാമ്യത്തെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന് കഴിയില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ വിലയിരുത്തുന്നത്.

അതേസമയം പോലീസ് ഫോണ്‍ കണ്ടെത്താനുളള ശ്രമം തുടരുകയാണ്. ഫോണ്‍ വിദേശത്തേയ്ക്ക് കടത്തിയേക്കാമെന്നാണ് സംശയമെന്നും പോലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ നല്‍കിയ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. അതേസമയം, തെളിവ് മറച്ചുവെച്ചതിനാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണസംഘം പറയുന്നുണ്ട്.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്‌ക്കെതിരായ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും അപ്പുണ്ണിയ്ക്ക് ക്ലീന്‍ചീട്ട് നല്‍കിയിട്ടില്ലെന്നും മറുപടി സത്യവാങ്മൂലത്തില്‍ പൊലീസ് വ്യക്തമാക്കുന്നുണ്ട്. ദിലീപിന്റെ അറസ്റ്റില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അന്വേഷണത്തില്‍ ആശയകുഴപ്പമുണ്ടാക്കാനാണെന്നും സത്യവാങ്മൂലത്തിലുണ്ട്.

മാര്‍ച്ച് മാസം മുതല്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലിലാണെന്നും പൊലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. ചോദ്യം ചെയ്യല്‍ റെക്കോര്‍ഡ് ചെയ്തിരുന്നെന്നും ദിലീപിന്റെ വാദം തെറ്റാണെന്നും കോടതിയില്‍ തെളിയിക്കാന്‍ തയ്യാറെടുക്കുകയാണ് പൊലീസ്. ചോദ്യംചെയ്യല്‍ മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും മഞ്ജുവിനെയും ശ്രീകുമാര്‍ മേനോനെയും കുറിച്ച് ദിലീപ് പറഞ്ഞ മുഴുവന്‍ കാര്യങ്ങളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.