അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് പൂട്ടിട്ടു: വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

single-img
17 August 2017

തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദ് ചെയ്തു. പാര്‍ക്കില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് സൗകര്യമൊരുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അത് പാലിക്കാത്തതിനെ തുടര്‍ന്നാണ് അനുമതി റദ്ദാക്കുന്നതെന്ന് ബോര്‍ഡ് അറിയിച്ചു. അനുമതി നല്‍കുന്നതിന് മുമ്പ് സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചൂണ്ടിക്കാട്ടി.

കോഴിക്കോട് കക്കാടം പൊയിലിലാണ് നിലമ്പൂര്‍ എംഎല്‍എയായ പിവി അന്‍വര്‍ നിയമങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന കക്കാടം പൊയില്‍ പരിസ്ഥിതി ലോല പ്രദേശമാണ്.

ഇവിടുത്തെ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്ത് അനുമതി നല്‍കുന്നതിന് മുമ്പു തന്നെ പാര്‍ക്ക് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പിന്നീട് ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ക്കിന് പഞ്ചായത്ത് പിഴ നല്‍കുകയായിരുന്നു. കക്കാടംപൊയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോടെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലിക ലൈസന്‍സിനായി ലഭിച്ച ഫയര്‍ എന്‍ഒസി ഉപയോഗിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്. എല്ലാ നിര്‍മ്മിതികള്‍ക്കും വ്യത്യസ്ത ഫയര്‍ എന്‍ഒസി ആവശ്യമാണെന്നിരിക്കെയാണ് അസംബ്ലി കെട്ടിടത്തിന്റെ എന്‍ഒസിയുടെ മറവില്‍ മുഴുവന്‍ നിര്‍മ്മിതികളും പൂര്‍ത്തിയാക്കിയത്.

1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന്റെ നിര്‍മ്മിതിയ്ക്ക് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതിയും ഇല്ല. ആയിരം ചതുരശ്ര അടി നിര്‍മ്മിതിയ്ക്ക് മുകളിലുള്ള നിര്‍മ്മാണത്തിന് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെയാണ് നിലമ്പൂര്‍ എംഎല്‍എ ഇതെല്ലാം കാറ്റില്‍ പറത്തി പാര്‍ക്ക് പണിതത്.

വാട്ടര്‍ തീംപാര്‍ക്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട ഫയല്‍ കണ്ടിട്ടുപോലുമില്ലെന്നാണ് സിടിപി ഓഫീസില്‍ നിന്നും ലഭിക്കുന്ന മറുപടി. 1409.96 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന് 900 ചതുരശ്ര അടിയാണ് പഞ്ചായത്തിന്റെ നിര്‍മ്മാണാനുമതിയില്‍ ഉള്ളത്.