പള്‍സര്‍ സുനി വീണ്ടും പറഞ്ഞു; ‘മാഡം’ സിനിമാ നടി: ‘പേര് കോടതിയില്‍ പറയും’

single-img
16 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദുരൂഹ കഥാപാത്രമായ മാഡം ആരാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയില്ല. ‘മാഡം’ ആരെന്ന് അങ്കമാലി കോടതിയില്‍ പറയുമെന്ന് പള്‍സര്‍ സുനി വ്യക്തമാക്കി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍, മാഡത്തെ കുറിച്ച് ചോദിച്ചെങ്കിലും അത് സിനിമാ നടി മാത്രമാണെന്നായിരുന്നു പള്‍സര്‍ സുനി ആവര്‍ത്തിച്ചത്.

മാഡം ആരാണെന്ന് ഇന്ന് വെളിപ്പെടുത്തുമെന്നായിരുന്നു മുമ്പ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സുനി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്. മാദ്ധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും സിനിമാ നടിയാണെന്ന് സുനി മറുപടി നല്‍കി.

ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കു മുന്‍പ് കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഉണ്ടായത്. മാഡം എന്നത് കെട്ടു കഥയല്ലെന്നും, ആരാണ് മാഡം എന്നുള്ളത് ആലുവയില്‍ കിടക്കുന്ന വി ഐ പി പറയട്ടെ എന്നും സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വി ഐ പി പറഞ്ഞില്ലെങ്കില്‍ 16ാം തിയ്യതി താന്‍ അക്കാര്യം വെളിപ്പെടുത്തുമെന്നും സുനി സൂചിപ്പിച്ചിരുന്നു. മാഡം ചലച്ചിത്ര നടിയാണെന്ന് കോട്ടയത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി വ്യക്തമാക്കിയിരുന്നു