‘എന്റെ ഇംഗ്ലീഷ് ആര്‍ക്കും മനസിലാകുന്നില്ലെങ്കില്‍ അത് എന്റെ മാത്രം തെറ്റ്’; ട്രോളുകളെ സ്വാഗതം ചെയ്ത് പൃഥ്വിരാജ്

single-img
16 August 2017

തന്റെ നിലപാടുകള്‍ എന്തു തന്നെയായാലും ആരോടും എവിടെയും തുറന്നു പറയാന്‍ മടിയില്ലാത്ത താരമായ പൃഥ്വിരാജ് പലപ്പോഴും ട്രോളന്മാരുടെ ആക്രമണത്തിനും വിധേയമാകാറുണ്ട്. താരത്തിന്റെ കടുകട്ടിയായ ഇംഗ്ലീഷാണ് ട്രോളന്മാരുടെ പ്രധാന ആയുധം. പലപ്പോഴും സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും താരം അഭിപ്രായപ്രകടനത്തിനായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് തങ്ങള്‍ക്ക് മനസിലാകാത്തതിന്റെ ദേഷ്യം ട്രോളുകളിലൂടെയാണ് പലരും പ്രകടിപ്പിക്കുന്നത്.

താരത്തിന്റെ ഫെയ്‌സ്ബുക്ക്‌പോസ്റ്റുകളിലെ പലവാക്കുകളും ആര്‍ക്കും മനസിലാകാറില്ല. എത്ര ട്രോളിയാലും തന്റെ ഇംഗ്ലീഷിന്റെ സ്റ്റാന്റേഡ് കുറയ്ക്കാന്‍ താരം തയ്യാറാവുകയുമില്ല. കൂടുതല്‍ കടുകട്ടിയായ വാക്കുകളുമായാകും അടുത്ത പോസ്റ്റ് ഇടുക.

എന്നാല്‍ ട്രോളന്മാര്‍ക്ക് സന്തോഷമുണ്ടാകുന്നൊരു അഭിപ്രായമാണ് താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ട്രോളുകളെ താന്‍ വളരെയധികം ഇഷ്ടപ്പെടുന്നതായി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

‘ഞാന്‍ ഈ ട്രോളുകളെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഇനിയും ട്രോളുകള്‍ ഉണ്ടാകട്ടെ. പല ട്രോളുകളും വളരെ ക്രിയേറ്റീവായാണ് ചെയ്തിരിക്കുന്നത്. എന്റെ ഇംഗ്ലീഷ് ഭാഷ കമ്മ്യൂണിക്കേറ്റ് ചെയ്യാതെ പോവുന്നുവെങ്കില്‍ അത് എന്റെ ഭാഷയുടെ പ്രശ്‌നമാണ്. അത് എന്റെ തെറ്റായാണ് ഞാന്‍ കാണുന്നത്. എന്തായാലും പല ട്രോളുകളും ഞാന്‍ വളരെയധികം ആസ്വദിക്കാറുണ്ട്. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു അഭിമുഖത്തിനിടെ താരം പറഞ്ഞത്.