സ്വാശ്രയ മെഡിക്കല്‍ ഫീസ്: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പ്രതിപക്ഷം; നിയമസഭ പ്രക്ഷുബ്ദം

single-img
16 August 2017

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന പ്രതിപക്ഷ ആരോപണം നിയമസഭയെ പ്രക്ഷുബ്ദമാക്കി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റകളും ഒത്തുകളിയ്ക്കുകയാണെന്നും അതിന്റെ ഫലമാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയെന്നും സതീശന്‍ പറഞ്ഞു. മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.ജയരാജന്‍ ഇടപെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. പതിനൊന്ന് ലക്ഷം ഫീസ് വര്‍ദ്ധിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത് സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണെന്നും സതീശന്‍ പറഞ്ഞു.

എന്നാല്‍ സ്വാശ്രയ വിഷയത്തില്‍ തീരുമാനം എടുത്തത് കോടതിയാണെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വ്യക്തമാക്കി. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ശാന്തരാവാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചെങ്കിലും അംഗങ്ങള്‍ വഴങ്ങിയില്ല. തുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ചൊവ്വാഴ്ച്ച സ്വാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷം രൂപ ആക്കാന്‍ സുപ്രീംകോടതി താത്ക്കാലിക അനുമതി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുമായി കരാറില്‍ ഒപ്പിടാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് താത്ക്കാലികമായി 11 ലക്ഷം ഫീസ് ഈടാക്കാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ച് ലക്ഷത്തില്‍ നിന്ന് സ്വാശ്രയ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടിയാണ് പ്രവേശനം നടത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്.