സൂപ്പര്‍ ബൈക്കില്‍ ചീറിപ്പായുന്നവരെ…: നിങ്ങള്‍ക്കിതൊരു മുന്നറിയിപ്പാണ്

single-img
16 August 2017

ഡല്‍ഹി: മാന്‍ഡി ഹൗസ് മെട്രോ സ്റ്റേഷന് സമീപം അമിത വേഗതയിലായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വിവേക് വിഹാര്‍ സ്വദേശി ഹിമന്‍ഷു ബന്‍സാലാണ്(24)മരണപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. സൂപ്പര്‍ ബൈക്കില്‍ അമിത വേഗതയില്‍ മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ വഴിമുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കനെ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സമീപമുള്ള മതിലില്‍ ഇടിച്ച് തെറിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ ബന്‍സാലിനെ ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

രണ്ടു ബൈക്കുകളിലായി ഒപ്പമുണ്ടായിരുന്ന സൂഹൃത്തുക്കളുടെ ഹെല്‍മറ്റില്‍ ഫിറ്റ് ചെയ്ത ക്യാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഏകദേശം 45 ലക്ഷം രൂപ വിലമതിക്കുന്ന മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന സൂപ്പര്‍ ബൈക്കാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.