സൗമ്യ കേസ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

single-img
15 August 2017

തൃശൂര്‍: ഡോക്ടര്‍ ഉന്‍മേഷ് ഇനി മുതല്‍ കുറ്റക്കാരനല്ല.സൗമ്യ വധവുമായി ബന്ധപ്പെട്ടു നടന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിവാദത്തില്‍ ഡോക്ടര്‍ ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞു.

സൗമ്യവധത്തില്‍ പണം വാങ്ങി ഉന്മേഷ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായി എന്ന പരാതിയിലാണ് ഉന്മേഷിനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി ആദ്യം വിസ്തരിച്ച ഉന്മേഷ് കൂറുമാറി പ്രതിഭാഗത്തിനനുകൂല മൊഴി നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ഉന്മേഷ് സസ്പെന്‍ഷനിലായിരുന്നു.

പ്രതിഭാഗത്തിന്റെ കൈയില്‍ നിന്ന് പണം വാങ്ങി ഉന്മേഷ് അവിഹിത നേട്ടം ഉണ്ടാക്കി എന്നായിരുന്നു വാദിഭാഗത്തിന്റ ആരോപണം. ഇതേതുടര്‍ന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതു സംബന്ധിച്ച് ധ്രുത വേഗ പരിശോധന റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി അംഗീകരിച്ചു.

പ്രതിഭാഗം വിളിച്ചാലും, വാദി ഭാഗം വിളിച്ചാലും കേസില്‍ ഹാജരാവുക എന്നത് ഉദ്യോഗസ്ഥന്റെ ബാധ്യതയാണെന്ന് കോടതി നിരീക്ഷിച്ചു. കോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡോ. ഉന്മേഷ് പറഞ്ഞു.