ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശം’; പി.സി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് ആഷിഖ് അബു

single-img
15 August 2017

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരന്തരം അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പി.സി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു.

നാലഞ്ചുപേര്‍ ഉന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത ‘ധൈര്യശാലി ‘യായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജെന്നെന്നായിരുന്നു ആഷിക് അബുവിന്റെ പരിഹാസം. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല, ടി വി ക്യാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും ‘തോക്ക് ‘ നിരന്തരം, നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍. എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണെന്നും സംവിധായകന്‍ വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.

നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്ന വനിതാ കമ്മീഷന്റെ നിലപാടിനെ പരിഹസിച്ചും പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷന്‍ തന്നെ തൂക്കിക്കൊല്ലുമോ എന്നായിരുന്നു പി.സി.ജോര്‍ജ്ജിന്റെ പ്രതികരണം.

നിയമസഭാംഗം കൂടിയായ പി.സി ജോര്‍ജ്ജ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്ന സാഹചര്യത്തില്‍ അക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതുകയും ചെയ്തിരുന്നു. പി.സി ജോര്‍ജ്ജിന്റെ പേരെടുത്ത് പറഞ്ഞും അദ്ദേഹം തനിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാണിച്ചുമായിരുന്നു കത്ത്.

എന്നാല്‍ പരാമര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പിസി ജോര്‍ജ്. തനിക്കെതിരെ കത്തല്ല എന്ത് കുന്തം കൊടുത്താലും പിന്നോട്ടില്ല. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നത്. ദിലീപ് നിരപരാധിയാണെന്നും പിസി പറഞ്ഞു.