സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഗോരഖ്പൂര്‍ ദുരന്തത്തെക്കുറിച്ച് പരാമര്‍ശിച്ചു പ്രധാനമന്ത്രി മോദി

single-img
15 August 2017

ന്യൂഡല്‍ഹി: എഴുപത്തൊന്നാം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഗോരഖ്പുര്‍ ദുരന്തം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിര്‍ദോഷികളായ കുഞ്ഞുങ്ങള്‍ ഒരാശുപത്രിയില്‍ മരിച്ചിരുന്നു. ഗോരഖ്പുരിലുണ്ടായ ആ ദുരന്തം അതീവ ദുഖകരമാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ എല്ലാവര്‍ക്കും ആദരമര്‍പ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാവര്‍ക്കും തുല്യ അവസരമുള്ള നവഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാവിലെ 7.30ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവര്‍ണ പതാക ഉയര്‍ത്തി. അതിന് ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. മോദിയുടെ നാലാമത്തെ ചെങ്കോട്ട പ്രസംഗമാണിത്. എല്ലാ സംസ്ഥാനങ്ങളും വിപുലമായി തന്നെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നുണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളും നടപടികളും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഗ്യാസ് സബ്സിഡി, സ്വഛ് ഭാരത്, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ നീക്കങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ പിന്തുണ ലഭിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും തുല്യതയുള്ള ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം വളരെയേറെ പ്രാധാന്യം നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 ാം വാര്‍ഷികമാണ് ഇത്. ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ 100ാം വാര്‍ഷികവും, ബാലഗംഗാധര തിലകന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാനായി ഗണേശോത്സവം സംഘടിപ്പിച്ചതിന്റെ 125ാം വാര്‍ഷികവും ഇന്നാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

പുതിയ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് രാജ്യത്തെ കൊണ്ടുപോകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും ഈ രാജ്യത്ത് തുല്യരാണ്. ആരും വലുതോ ചെറുതോ അല്ല. നമുക്കൊരുമിച്ച് രാജ്യത്തിന് പുതിയ ഊര്‍ജം പകരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ജനുവരി 1 എന്നത് സാധാരണ ദിനമായിരിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കശ്മീരില്‍ സമാധാനം പുലരണമെന്നും ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനികള്‍ സ്വപ്നം കണ്ട ഇന്ത്യ 2022 ല്‍ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് മുഖ്യ പരിഗണനയെന്നും നമ്മുടെ സൈനികര്‍ വരുടെ ധൈര്യം തെളിയിച്ചിട്ടുള്ളതാണെന്നും മോദി പറഞ്ഞു.

ചരക്കുസേവന നികുതി സഹകരണ ഫെഡറലിസത്തിന്റെ അന്തസത്തയെക്കാണിക്കുന്നു. രാജ്യം ജിഎസ്ടിയെ പിന്തുണച്ചെന്നും സാങ്കേതിക വിദ്യ ഇക്കാര്യത്തില്‍ സഹായത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ ഒറ്റക്കല്ലെന്നും നിരവധി രാജ്യങ്ങള്‍ നമുക്കൊപ്പമിന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ഒമ്പത് മാസം കൊണ്ട് മംഗള്‍യാന്‍ പേടകത്തെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. അത് നമ്മുടെ കാര്യശേഷി തെളിയിക്കുന്നു. എന്നാല്‍ ഒരു റെയില്‍വേ പദ്ധതി കഴിഞ്ഞ 42 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണെന്നും മോദി ചൂണ്ടിക്കാണിച്ചു.

രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ദേശീയ പതാകയുയര്‍ത്തി 71-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, ഗുര്‍ചരണ്‍ കൗര്‍, എച്ച്.ഡി.ദേവഗൗഡ, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, അരുണ്‍ ജയറ്റ്‌ലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയിട്ടുണ്ട്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലുമടക്കം എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൊലീസ്, അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വിവിധ തലങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം നടക്കുന്ന ചെങ്കോട്ട അടക്കമുള്ള പ്രധാന സ്ഥലങ്ങളിലെല്ലാം പഴുതടച്ച സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്