ഗുവാമില്‍ സൈന്യത്തോട് മിസൈലാക്രമണത്തിന് തയ്യാറായിരിക്കാന്‍ കിം ജോങ് ഉന്‍

single-img
15 August 2017

പോങ്യാങ്: പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാമില്‍ മിസൈല്‍ ആക്രമണത്തിനുള്ള അവസാനഘട്ട തയാറെടുപ്പില്‍ ഉത്തരകൊറിയ. സൈന്യത്തോട് ആക്രമണത്തിന് തയാറെടുക്കാന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു.

ഉന്നത സൈനിക മേധാവികളുമായി മിസൈല്‍ പദ്ധതിയെ കുറിച്ച് കിം ജോങ് ഉന്‍ വിശദമായ ചര്‍ച്ച നടത്തി. ഏതുസമയവും ആക്രമണമുണ്ടായേക്കാമെന്നാണ് ലഭ്യമായ സൂചനകള്‍. ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി ജപ്പാനു മുകളിലൂടെ തൊടുക്കാന്‍ നാലു മധ്യദൂര മിസൈലുകളാണ് ഉത്തരകൊറിയ തയാറാക്കിയിരിക്കുന്നത്.

അതേസമയം, ഉത്തരകൊറിയയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നു യുഎസ് പ്രതികരിച്ചു. ഏതു തരത്തിലുള്ള ആക്രമണത്തേയും നേരിടാന്‍ യുഎസ് സൈന്യം തയാറാണെന്നു പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയയ്ക്ക് ശക്തമായ താക്കീതുമായി മുന്നോട്ട് വന്നിരുന്നു. ഉത്തരകൊറിയയുടെ ഭാഗത്തുനിന്നു കടുത്ത പ്രകോപനമുണ്ടായാല്‍ ഒരു മയവുമില്ലാതെ തിരിച്ചടിക്കാനാണ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.