എസ്.ബി.ഐ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു: ആദ്യ ഘട്ടത്തില്‍ 6622 ജീവനക്കാരെ ഒഴിവാക്കും

single-img
14 August 2017

മുംബൈ: എസ്.ബി.ഐ ജീവനക്കാരുടെ എണ്ണം കുറക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം 6622 ജീവനക്കാരെയാണ് എസ്ബിഐ ഒഴിവാക്കുന്നത്. വിആര്‍എസ് വഴിയാണ് പദ്ധതി നടപ്പിലാക്കുക.

ഒരേ നഗരത്തില്‍ ഒരേ സ്ഥലത്ത് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകള്‍ ലയിപ്പിച്ചതോടെയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ബാങ്ക് ലയനത്തെ തുടര്‍ന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള പൊതുമേഖല സ്ഥാപനമായി എസ്ബിഐ മാറിയിരുന്നു.

ഡിജിറ്റലൈസേഷന്റെയും ബാങ്ക് ലയനത്തിന്റെയും ഭാഗമായി 10000ല്‍ അധികം ജോലിക്കാരെ വിവിധ തസ്തികകളിലേക്ക് മാറ്റി നിയമിച്ചിരുന്നു. ആഗസ്ത് ആറ് വരെയുള്ള കണക്ക് പ്രകാരം ഒരേ സ്ഥലത്തുതന്നെയുള്ള 594 ശാഖകളാണ് ലയിപ്പിച്ചത്. ഇതിലൂടെ 1,160 കോടി രൂപ പ്രതിവര്‍ഷം ലാഭിക്കാമെന്നാണ് കരുതുന്നത്. അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കുമാണ് എസ്.ബി.ഐ.യില്‍ ലയിച്ചത്.