“‘മാഡം’ സിനിമാ നടി തന്നെ: സാങ്കല്‍പ്പിക കഥാപാത്രമല്ല”

single-img
14 August 2017

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. കേസില്‍ ‘മാഡം’ കെട്ടുകഥയല്ലെന്നും സിനിമാ രംഗത്ത് നിന്നുള്ള ആളാണെന്നും സുനി പറഞ്ഞു. നടിയുടെ പേര് പതിനാറിന് വെളിപ്പെടുത്തുമെന്നും സുനി ആവര്‍ത്തിച്ചു. കോട്ടയത്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

മാഡം എന്നത് സാങ്കല്‍പ്പിക കഥാപാത്രമാണെന്നായിരുന്നു അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പൊലീസിനെ തള്ളികൊണ്ട് അത്തരമൊരു വ്യക്തിയുണ്ടെന്നും, പതിനാറിന് പേര് വെളിപ്പെടുത്തുമെന്ന് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് പള്‍സര്‍ സുനി.

കഴിഞ്ഞ ആഴ്ച ബൈക്ക് മോഷണ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴും മാഡം ഒരു കെട്ടുകഥയല്ലെന്നും സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖയായ ആളാണെന്നും പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നു. അതാരാണെന്ന് വിഐപി തന്നെ പറയട്ടെയെന്നും ഈ മാസം 16 ആം തീയതിയ്ക്കകം മാഡം ആരെന്ന് വിഐപി വെളിപ്പെടുത്തിയില്ലെങ്കില്‍ ആ പേര് ഞാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച വേളയില്‍ ക്വട്ടേഷന് പിന്നില്‍ മാഡമാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞിരുന്നു. നടി നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. പള്‍സര്‍ സുനി പൊലീസിന് നല്‍കിയ മൊഴിയിലും മാഡത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രമാണെന്നാണ് പൊലീസിന്റെ നിഗമനം.