ഗോരഖ്പൂരിലെ കുട്ടികളുടെ കൂട്ടമരണം പ്രത്യേക സംഘം അന്വേഷിക്കും: കുഞ്ഞുങ്ങള്‍ മരിച്ചുവീഴാന്‍ അനുവദിക്കില്ലെന്ന് യോഗി

single-img
13 August 2017

ലഖ്‌നോ: ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ മരിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശുപത്രി വാര്‍ഡുകളില്‍ കടക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരിച്ച കുട്ടികളുടെ എണ്ണം 70 ആയ സാഹചര്യത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ആദിത്യനാഥും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡയും ആശുപത്രിയിലെത്തിയത്. ജനരോഷം ഭയന്ന് ആശുപത്രിയിലും പരിസരത്തും വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘവുമായും ആദിത്യനാഥ് ചര്‍ച്ച നടത്തി.

മന്ത്രിമാരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്ഥലപരിമിതി മൂലം വാര്‍ഡുകള്‍ക്ക് പുറത്തും വരാന്തയിലും കിടത്തിയിരുന്ന രോഗികളെയും ബന്ധുക്കളെയും അവിടെനിന്ന് നീക്കി. യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണു ഗോരഖ്പുര്‍. വിവാദ സംഭവം പുറത്താകുന്നതിനു മുന്‍പും യോഗി ആദിത്യനാഥ് ഇവിടം സന്ദര്‍ശിച്ചിരുന്നു.

ഓക്‌സിജന്‍ വിതരണത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനുളളില്‍ 30 പിഞ്ചുകുട്ടികള്‍ ഒന്നൊന്നായി മരണമടഞ്ഞത്. ആറുദിവസത്തിനിടെ ശ്വാസംകിട്ടാതെ ആശുപത്രിയില്‍ പിടഞ്ഞുമരിച്ചത് 70 കുഞ്ഞുങ്ങളാണ്. ഇതില്‍ 17 നവജാത ശിശുക്കളുമുണ്ട്. അതേസമയം കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ കുറവ് മൂലമല്ലെന്നും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണെന്നും ഉത്തര്‍ പ്രദേശ് ആരോഗ്യ മന്ത്രി അശുതോഷ് താണ്ഡല്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആശുപത്രി അധികൃതര്‍ സര്‍ക്കാരിന് അയച്ച കത്ത് പുറത്തായതോടെ മന്ത്രിയുടെ വാദം പൊളിഞ്ഞു. ഓക്‌സിജന്‍ വിതരണ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം മരിച്ച കുട്ടികളുടെ മൃതദേഹങ്ങളോടും അധികൃതര്‍ കടുത്ത അനാദരവാണ് കാണിക്കുന്നത്. ആംബുലന്‍സുകള്‍ അനുവദിക്കാതെ മൃതദേഹങ്ങള്‍ കൊണ്ടു പോകുന്നത് ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ്. ചില രക്ഷിതാക്കള്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി നടന്നു പോവുകയും ചെയ്യുന്നു.

ഞായറാഴ്ച ആയതിനാല്‍ ആംബുലന്‍സുകള്‍ ലഭിക്കില്ലെന്നായിരുന്നു വിശദീകരണം. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്തതാണ് ആശുപത്രിയുടെ ഉള്‍വശം. രോഗികളായ കുട്ടികളും അവര്‍ക്കൊപ്പമുള്ള രക്ഷിതാക്കളും ആശുപത്രിയില്‍ തറയിലാണ് കിടക്കുന്നത്. ഭക്ഷണവും ആവശ്യമായ മരുന്നും ലഭിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ അധികൃതര്‍ കാണിച്ച അലംഭാവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാണ്.