അധികം ആര്‍ക്കും അറിയാത്ത ആ രഹസ്യം റോഷന്‍ ആന്‍ഡ്രൂസ് പുറത്തുവിടുന്നു

single-img
13 August 2017

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ അണിയറ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മോഷ്ടവായിരുന്ന കൊച്ചുണ്ണിയുടെ ജീവിതം സിനിമയാവുമ്പോള്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യമായ തരത്തിലായിരിക്കും അവതരണം.

അതിന് വേണ്ടി കൊച്ചുണ്ണിയുടെ ജീവിതത്തെ കുറിച്ച് പഠിച്ചിട്ടാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു. അതിനിടെ കൊച്ചുണ്ണിയെ കുറിച്ചുള്ള വലിയൊരു രഹസ്യം ചിത്രത്തിലൂടെ തന്നെ പുറത്ത് വിടുമെന്നാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ വെളിപ്പെടുത്തല്‍.

കായംകുളം കൊച്ചുണ്ണിയുടെ കഥയില്‍ പ്രണയം, വഞ്ചന, ത്രില്ലര്‍ തുടങ്ങി പ്രേക്ഷകര്‍ കാത്തിരിക്കുന്ന എല്ലാമുണ്ടാകുമെന്ന് അദ്ദേഹം വിവരിച്ചു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറഞ്ഞിട്ടുള്ള കായംകുളം കൊച്ചുണ്ണിയുടെ കഥ തന്നെയാണ് പറയുന്നത്. പക്ഷേ അതില്‍ പറയാത്ത നിരവധി കാര്യങ്ങള്‍ കൂടി ചിത്രത്തിലുണ്ടാകും.

കൊച്ചുണ്ണിയെ പറ്റിയുള്ള ചരിത്രവസ്തുതകള്‍ പഠിക്കാനായി ഒരു റിസേര്‍ച്ച് ടീമിനെ തന്നെ നിയോഗിച്ചിരുന്നെന്നും ഒരു സിനിമാ മാഗസീനു നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ വ്യക്തമാക്കി. അതിലൂടെ കായംകുളം കൊച്ചുണ്ണിയുടെ സമ്പൂര്‍ണ്ണമായ ജീവിതം എഴുതി പൂര്‍ത്തിയാക്കാനായിട്ടുണ്ട്. അതില്‍ ഒരു ദേശത്തിന്റെ കഥയുണ്ട്. അന്നത്തെ ആളുകളുടെ വസ്ത്രധാരണ രീതികളും ജീവിതവുമുണ്ട്. മലയാളക്കര ഇന്നോളം അറിഞ്ഞിട്ടില്ലാത്ത ഒരു വലിയ രഹസ്യവും ആ തിരക്കഥയ്ക്കുള്ളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ അമല പോളാണ് നായികയായി അഭിനയിക്കുന്നത്. കൊച്ചുണ്ണിയുടെ ലൈഫില്‍ വലിയ പ്രധാന്യമുള്ള സ്ത്രീ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കാനൊരുങ്ങുന്നത്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.