ബഹ്‌റൈനില്‍ യുഎസ് യുദ്ധവിമാനം ഇടിച്ചിറക്കി: എയര്‍പോര്‍ട്ട് അടച്ചിട്ടു, വിമാനങ്ങള്‍ വൈകി

single-img
13 August 2017

ദുബായ്: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് യുഎസ് യുദ്ധവിമാനം എഫ്18 ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. പറക്കുന്നതിനിടെ എന്‍ജിന്‍ തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് റൂട്ട് തിരിച്ചുവിടാന്‍ പൈലറ്റ് നിര്‍ബന്ധിതനാവുകയും തുടര്‍ന്ന് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കുകയുമായിരുന്നു.

ശനിയാഴ്ച ഉച്ചക്ക് 12.40 ഓടെയാണ് യുഎസ് വിമാന വാഹിനി കപ്പലായ ‘യുഎസ്എസ് നിമിറ്റ്‌സി’ല്‍നിന്നും അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ പരിശീലന പറക്കലിനായി പറന്നു പൊങ്ങിയ എയര്‍ക്രാഫ്റ്റിന് എന്‍ജിന്‍ തകരാര്‍ കണ്ടത്. ശൈഖ് ഇസാ എയര്‍ ബേസില്‍ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ അതിനു സാധിക്കാതെ വന്നപ്പോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ്ങിന് അനുമതി തേടി.

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം ഉടനെ അടിയന്തര നടപടികള്‍ കൈക്കൊണ്ടു. സിവില്‍ ഏവിയേഷന്‍ ബ്യൂറോ എമര്‍ജന്‍സി മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കി. 30 ാം നമ്പര്‍ റണ്‍വേയില്‍ ഇറങ്ങിയ എയര്‍ക്രാഫ്റ്റിന് റണ്‍വെ അവസാനിക്കുന്നതിനു തൊട്ടുമുമ്പാണു  നിര്‍ത്താനായത്. വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി പുറത്തേക്കു പോയതിനെ തുടര്‍ന്ന് പൈലറ്റ് പാരച്യൂട്ട് വഴി ചാടി രക്ഷപ്പെട്ടു.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 12.40 മുതല്‍ 2.50 വരെ റണ്‍വേ അടച്ചിട്ടു. ക്രാഷ് ലാന്‍ഡിംഗ് ആയിരുന്നു നടന്നത്. എയര്‍പോര്‍ട്ടിനകത്തു സ്ഥിതിഗതികള്‍ പൂര്‍വ സ്ഥിതിയില്‍ ആവുന്നതു വരെ വിവിധ വിമാന സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടു.

ഒമ്പതു ഫ്‌ളൈറ്റുകളാണ് ദമാം, ദുബൈ, അബുദബി എയര്‍പോര്‍ട്ടുകളിലേക്കു തിരിച്ചു വിട്ടത്. ഒരു ഫ്‌ളൈറ്റു സര്‍വീസ് റദ്ദാക്കി. കോഴിക്കോടുനിന്നുള്ള എയര്‍ ഇന്ത്യയടക്കം നിരവധി വിമാനങ്ങള്‍ വൈകി. വൈകീട്ടോടെയാണ് സര്‍വ്വീസുകള്‍ സാധാരണ നിലയിലായത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.