വാട്സ്ആപ്പ് സന്ദേശം പരാതിയല്ല;ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ശക്തമായ വാദമുഖങ്ങളുമായി പൊലീസ്

single-img
12 August 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ തള്ളി പോലീസ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണ്‍വിളിച്ചത് സംബന്ധിച്ച് ദിലീപ് ഡി.ജി.പിക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശം പരാതിയായി കാണാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവം നടന്ന് 20 ദിവസത്തിനുശേഷമാണ് ദിലീപ് പരാതിപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ദിലീപ് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളില്‍ നിന്നു പരാതി ലഭിച്ചാല്‍ അത് സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടി വരും പോലീസ് വ്യക്തമാക്കി. ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ക്ക് മറുപടിയായി കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിലാണ് പോലീസ് ഇക്കാര്യം പറയുന്നത്. ദിലീപിന്റെ പരാതി കിട്ടിയെന്നും പൊലീസിന്റെ നിലപാടാണോ നടന്റെ നിലപാടാണോ ശരിയാണെന്ന് പരസ്യമായി പറയാനാവില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ സംവിധായകന്‍ നാദിര്‍ഷായെ, വിഷ്ണു എന്നു പരിചയപ്പെടുത്തിയ ഒരാള്‍ ഫോണില്‍ വിളിച്ചിരുന്നു. പള്‍സര്‍ സുനി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരു പറയാന്‍ സിനിമാ രംഗത്തെ ചിലര്‍ സുനിയെ നിര്‍ബന്ധിക്കുന്നുവെന്നും പറഞ്ഞാണ് ഫോണ്‍ വിളിച്ചത്. രണ്ടു നടന്‍മാരുടെയും ഒരു നടിയുടെയും ഒരു സംവിധായകന്റെയും പേരു പറഞ്ഞു. ഇതുറെക്കോര്‍ഡ് ചെയ്ത നാദിര്‍ഷ തനിക്ക് അയച്ചു നല്‍കി. അന്നു തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചു.മാത്രമല്ല, വോയ്‌സ്‌ക്ലിപ്പ് വാട്ട്‌സ് ആപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്തു എന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

എന്നാല്‍, ദിലീപ് പരാതി നല്‍കിയത് ഏപ്രില്‍ 20 നാണെന്നാണ് പോലീസിന്റെ നിലപാട്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലിലായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദിലീപിനെതിരെ തെളിവുകള്‍ ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നും പോലീസ് വ്യക്തമാക്കും.