‘നോ വാര്‍, നോ പീസ് ‘ മോഡില്‍ ഇന്ത്യൻ സൈന്യം ;ഡോക് ലാമിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

single-img
12 August 2017

ന്യൂഡല്‍ഹി: സംഘര്‍ഷം തുടരുന്ന ഇന്ത്യ- ഭൂട്ടാന്‍-ചൈന സംഗമസ്ഥാനമായ ഡോക് ലാമിലേക്ക് ഇന്ത്യ കൂടുതല്‍ സൈന്യത്തെ അയച്ചതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ സൈനികര്‍ക്ക് പിന്തുണ നല്‍ക്കുന്നതിനായാണ് പുതിയ നീക്കമെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ഡോക് ലാമില്‍ നിന്നു ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ സൈന്യം നിഷേധിച്ചു.

അതിര്‍ത്തിയില്‍ ചൈനീസ് സൈനിക നീക്കം ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ ആശങ്കക്ക് സാധ്യതയില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാല്‍ ഒരാഴ്ച മുമ്പെങ്കിലും ഇന്ത്യക്ക് അറിയാന്‍ കഴിയും. ഇന്ത്യന്‍ സൈന്യത്തിന്റെ മികച്ച പരിശീലനം നേടിയ നിരവധി ട്രൂപ്പുകളെ മേഖലയില്‍ ‘നോ വാര്‍, നോ പീസ് ‘ മോഡില്‍ വിന്യസിച്ചിട്ടുണ്ട്.

ആവശ്യമെങ്കില്‍ ചൈനീസ് സൈന്യത്തിന് തിരിച്ചടി നല്‍കാന്‍ ഇവര്‍ സജ്ജരാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. മേഖലയില്‍ നിന്നും ആരെയും ഒഴിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തരുതെന്നും ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്നുമാസമായി തുടരുന്ന സംഘര്‍ഷാവസ്ഥയില്‍ നിന്ന് പിന്‍മാറാന്‍ തയാറല്ലെന്ന കടുത്ത നിലപാടിലാണ് ഇരുരാജ്യങ്ങളും. ജൂണ്‍ 16ന് സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന ഡോക് ലാമില്‍ ചൈനീസ് സേന റോഡ് നിര്‍മ്മിക്കുന്നത് ഇന്ത്യ തടഞ്ഞതോടെയാണ് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചത്. ഭൂട്ടാന്റെ പ്രദേശത്തെ ചൈനയുടെ അനധികൃത നിര്‍മാണം തടയാന്‍ ഇന്ത്യന്‍ സേന അവിടേക്കു ചെല്ലുകയായിരുന്നു.