ദിലീപ് പറയുന്നത് ശരിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ; കൂടുതൽ വിവരങ്ങൾ കോടതിയെ അറിയിക്കും

single-img
12 August 2017


തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപും കേസ് അന്വേഷിക്കുന്ന പോലീസ് സംഘം പറയുന്നതും ശരിയാണെന്ന് ലോക്‌നാഥ് ബെഹ്‌റ വെളിപ്പെടുത്തി. ആര് പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പരസ്യമായി പറയാന്‍ കഴിയില്ല. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഇപ്പോള്‍ അത് വെളിപ്പെടുത്തിയാല്‍ കോടതിയലക്ഷ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.തനിക്ക് ഒരു പരാതി കിട്ടിയിരുന്നു. എന്നാല്‍ അത് എപ്പോള്‍, എങ്ങനെ കിട്ടിയെന്നത് വെള്ളിയാഴ്ച കോടതിയെ അറിയിക്കുമെന്ന് ഡി.ജി.പി മാധ്യമങ്ങളോട് പ്രതികരിച്ചു.
നടിയെ തട്ടിക്കൊണ്ടുപോയ പള്‍സര്‍ സുനി തനിക്കു ജയിലില്‍ നിന്നു കത്തയച്ച കാര്യം അന്നു തന്നെ ഡിജിപി ബെഹ്‌റയെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടു ദിവസം കഴിഞ്ഞു രേഖാമൂലം പരാതി നല്‍കിയെന്നുമാണു ദിലീപ് കോടതിയെ അറിയിച്ചത്. എന്നാല്‍ സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണു പരാതിപ്പെട്ടത് എന്നായിരുന്നു പൊലീസിന്റെ വാദം. ഇത് ശരിയാണെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ഡിജിപിയും. ഇതോടെ കേസ് വീണ്ടും സങ്കീര്‍ണ്ണമാകും.

എന്നാല്‍ സംഭവം വിശദമാക്കി പൊലീസ് ഉടന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും ബെഹ്‌റ പറയുന്നു. ജാമ്യാപേക്ഷയില്‍ പൊലീസ് എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. അതിനിടെ ബെഹ്‌റയും ദിലീപും സുഹൃത്തുക്കളാണെന്നും കേസ് ഒതുക്കാനാണ് നീക്കമെന്നും ആരോപണവും സജീവമാണ്. ഡിജിപിയുടെ വാക്കുകളിലും അത് കാണാമെന്ന വിലയിരുത്തലുമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളില്‍ നിന്നു പരാതി ലഭിച്ചാല്‍ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളില്‍ സംശയം തോന്നിയാല്‍ പലതും കൂടുതല്‍ അന്വേഷിക്കേണ്ടി വരും. അതും പൊലീസ് ചെയ്തിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നു ബെഹ്‌റ വ്യക്തമാക്കി.