മലയാളികളുടെ ചെറുത്ത് നില്‍പ്പ് അപൂര്‍വ അനുഭവമെന്ന് പിണറായി വിജയന്‍

single-img
11 August 2017

തിരുവനന്തപുരം: കേരളത്തെ വര്‍ഗീയ കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കാനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശ്രമങ്ങള്‍ക്കുനേരെ ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്തുനില്‍പ്പ് അപൂര്‍വമായ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളം ആക്രമിക്കപ്പെടുന്നുവെന്ന പ്രതീതി ഉയര്‍ന്നപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തുവന്നെന്നും ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ കേരളം നന്മയുടെ നാടാണ്, പുരോഗതിയുടെയും നേരിന്റെയും വിളനിലമാണ്, ഈ നാട് ഒന്നാമതാണ് എന്നാണു ഒരേ ശബ്ദത്തില്‍ മലയാളികള്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. പ്രത്യേകിച്ച് ആരും ആഹ്വാനം ചെയ്യാതെയുള്ള കൂട്ടായ്മയാണ് രൂപപ്പെട്ടതെന്നും പിണറായി പറയുന്നു.

ഈ കൂട്ടായ ഇടപെടലിന്റെ ഫലമായി സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കേരളത്തിനെതിരായ ആസൂത്രിത പ്രചാരണവും ഡല്‍ഹി ആസ്ഥാനമായുള്ള ഒരു വിഭാഗം സ്‌പോണ്‍സേര്‍ഡ് മുഖ്യധാരാ മാധ്യമങ്ങള്‍ സൃഷ്ടിച്ച നുണക്കഥകളും ഒന്നൊന്നായി പൊളിച്ചടുക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ആര്‍.എസ്.എസ് നേതാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. പിന്നാലെ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളം സന്ദര്‍ശിച്ചതും ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. കേരളത്തിനെതിരെ ഉത്തരേന്ത്യയില്‍ നിന്നും ആസൂത്രിത ആക്രമണങ്ങള്‍ നടക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് ഇക്കാര്യങ്ങളെല്ലാം പരാമര്‍ശിച്ച് പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.