നോട്ട് നിരോധനം ഒടുവില്‍ കേന്ദ്ര സര്‍ക്കാരിനു ‘പാരയായി’

single-img
11 August 2017

ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണം ഇല്ലതാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ നോട്ട് നിരോധനം ഒടുവില്‍ കേന്ദ്ര സര്‍ക്കാറിനു തന്നെ പാരയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി റിസര്‍വ് ബാങ്ക് സര്‍ക്കാരിന് കൈമാറിയത് 30,659 കോടി രൂപ മാത്രം.

ലാഭവിഹിതത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ പകുതിയോളമാണ് കുറവു വന്നിരിക്കുന്നത്. 65876 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ആര്‍ബിഐ സര്‍ക്കാരിന് ലാഭവിഹിതമായി നല്‍കിയത്. നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് പുതിയ കറന്‍സി അച്ചടിക്കുന്നതിന് വന്‍തുക ചെലവാക്കേണ്ടിവന്നത് സര്‍ക്കാറിന് തന്നെ കനത്ത തിരിച്ചടിയായി മാറുകയായിരുന്നു.

യഥാസമയം നോട്ടുകള്‍ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് വന്‍തുക ചെലവാക്കേണ്ടിവന്നതും ലാഭവിഹിതത്തില്‍ കുറവ് വരാന്‍ കാരണമായി. കരുതല്‍ ധനമായി സൂക്ഷിച്ചിട്ടുള്ള വിദേശ കറന്‍സികളില്‍നിന്നുള്ള വരുമാനത്തിലും കനത്ത ഇടിവുണ്ടായി. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കേണ്ട റിവേഴ്‌സ് റിപ്പോ നിരക്ക് കൂടുതലായതും ആര്‍ബിഐയുടെ വരുമാനത്തെ ബാധിച്ചു.

2014 സാമ്പത്തിക വര്‍ഷം മുതലാണ് ആര്‍ബിഐ ലഭിക്കുന്ന ലാഭം മുഴുവന്‍ സര്‍ക്കാരിന് നല്‍കാന്‍ തുടങ്ങിയത്. ലാഭവിഹിതത്തില്‍ കനത്ത ഇടിവുണ്ടായത് രാജ്യത്തെ ധനകമ്മി വര്‍ധിപ്പിക്കാന്‍ ഇടയാക്കും.