പാര്‍ലമെന്റില്‍ ഹാജരാകാത്ത ബിജെപി എംപിമാര്‍ക്ക് 2019ല്‍ സീറ്റില്ല: താക്കീതുമായി മോദി

single-img
11 August 2017

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഹാജര്‍ കുറയുന്ന ബിജെപി എംപിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ ഹാജരാകാതെ ഉദാസീനത കാണിച്ചാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റുണ്ടാകില്ലെന്നാണ് മോദിയുടെ മുന്നറിയിപ്പ്. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുമ്പോഴാണു മോദി എംപിമാര്‍ക്കെതിരെ രംഗത്തെത്തിയത്.

നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കും. പിന്നീട് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് യോഗത്തില്‍ മോദി പറഞ്ഞതായാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി എംപിമാരുടെ കുറഞ്ഞ ഹാജര്‍ നിലയെ കഴിഞ്ഞ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു.

രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി അധ്യക്ഷന്‍ അമിത് ഷായെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപിയുടെ അംഗങ്ങളുടെ സംഖ്യ ചില രാജ്യങ്ങളുടെ ജനസംഖ്യയേക്കാള്‍ കൂടിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ പ്രശംസ. ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കുക പ്രയാസകരമാണെങ്കിലും അമിത് ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കു വന്‍ നേട്ടങ്ങളാണുണ്ടാകുന്നത്. അമിത് ഷാ ഇനി പാര്‍ട്ടി എംപിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

നേരത്തേ, ബിജെപി എംപിമാര്‍ക്കെതിരെ ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്തെത്തിയിരുന്നു. മന്ത്രിമാരുള്‍പ്പെടെയുള്ള എംപിമാര്‍ക്കാണ് അമിത് ഷായുടെ ശാസന കിട്ടിയത്. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍ ബില്‍ വോട്ടെടുപ്പു വേളയില്‍ രാജ്യസഭയില്‍ ഹാജരാകാതിരുന്നതിനായിരുന്നു ശാസന.