മന്ത്രി ശൈലജയുടെ ഭര്‍ത്താവ് ദലിത് യുവതിയെ മര്‍ദിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി

single-img
11 August 2017

മട്ടന്നൂരില്‍ മന്ത്രിയുടെ ഭര്‍ത്താവ് സിപിഎം പ്രവര്‍ത്തകയായ ദലിത് യുവതിയെ മര്‍ദിച്ചെന്ന പരാതി നിഷേധിച്ച് മുഖ്യമന്ത്രി. ഇത്തരം പരാതികളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മട്ടന്നൂരില്‍ എല്‍ഡിഎഫിന് ലഭിച്ച അഭിമാനകരമായ വിജയം മറച്ചുവയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ ഇത്തരം പരാതികള്‍ പാര്‍ട്ടി കോടതിയല്ല പൊലീസിനാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

അതേസമയം ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ സിപിഎം കേന്ദ്രനേതൃം നിര്‍ദേശം നല്‍കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെയും ക്രമസമാധാന സ്ഥിതിക്കെതിരെയും വ്യാപകമായ പ്രചാരണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നേതാവ് ദലിത് യുവതിയെ മര്‍ദിച്ചുവെന്നതു വീണ്ടും വിവാദത്തിന് വഴിതെളിക്കും എന്നതിനാലാണ് കേന്ദ്രനേതൃത്വം നടപടിക്കു നിര്‍ദേശിച്ചത്.

മുന്‍ മട്ടന്നൂര്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് ബുധനാഴ്ച തന്നെ ഷീല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് കേന്ദ്രനേതൃത്വത്തിലേക്കു പരാതി എത്തിയത്.

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ് ഭാസ്‌കരന്‍. മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പു നടന്ന കഴിഞ്ഞ എട്ടിന് വൈകിട്ടു പെരിഞ്ചേരി ബൂത്തിലാണ് സംഭവം. യോഗത്തിനിടയിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഭാസ്‌കരന്‍ ഷീലയുടെ നേരെ തിരിയുകയും ചീത്ത വിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണ് പരാതി.

അതിനിടെ ഷീലയുടെ ഭര്‍ത്താവും ഇടത് സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവുമായ കെ.പി രാജന്‍ സ്ഥലത്തെത്തി. ഭാസ്‌കരനും രാജനും തമ്മിലും വാക്കേറ്റമുണ്ടായി. പൊലീസില്‍ പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ പാര്‍ട്ടിക്കാര്‍ പിന്തിരിപ്പിച്ചു. തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നല്‍കിയത്. ഇവിടെ നിന്നും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.

ദലിതരെ മര്‍ദിച്ച സംഭവമുണ്ടായാല്‍ ഇന്ത്യന്‍ പീനല്‍ കോഡിനു പുറമേ പട്ടികജാതി, പട്ടികവര്‍ഗ (ക്രൂരതകള്‍ തടയല്‍) നിയമം 1989 പ്രകാരം കേസെടുക്കണം എന്നാണു ചട്ടം. ഇത്തരം കേസുകളില്‍ പരാതി നല്‍കുന്നതു തടയുന്നതും കുറ്റകരമാണ്.