ശശികലയ്‌ക്കെതിരെ പടയൊരുക്കം: അണ്ണാ ഡിഎംകെയില്‍ ഒപിഎസ് ഇപിഎസ് ലയന സാധ്യതയേറി

single-img
10 August 2017

അണ്ണാ ഡിഎംകെയില്‍ ശശികലയേയും അനന്തരവനും ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനെയും പുറത്താക്കാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നു. ശശികലയുടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം താല്‍ക്കാലികം മാത്രമാണെന്നു എഡിഎംകെ അമ്മ വിഭാഗം പ്രമേയം പാസാക്കി.

ശശികലയുടെ സഹോദരന്‍ ടി.ടി.വി ദിനകരന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടേതല്ലെന്നും അണ്ണാഡിഎംകെ യോഗത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി പറഞ്ഞു. പുതിയ ഭാരവാഹികളുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ പളനിസ്വാമി മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവുമായുള്ള ലയനസാധ്യത ബലപ്പെടുത്തുകയാണ് ചെയ്തത്.

ശശികല പക്ഷത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ലയനത്തിന് തയ്യാറെന്നതായിരുന്നു പനീര്‍ശെല്‍വത്തിന്റെ നിലപാട്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ അസന്നിഗ്ദമായി പളനിസാമി ഇക്കാര്യത്തിന് ഊന്നല്‍ നല്‍കിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയമാറ്റത്തിന് സൂചനയാണ് നല്‍കുന്നത്.

അടുത്ത ആഴ്ച ഒപിഎസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി ലയനം പ്രഖ്യാപിക്കാനാണ് സാധ്യത. ഉപമുഖ്യമന്ത്രി പദം വിമത നേതാവിന് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. ലയന ചര്‍ച്ചകളുടെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കാനാണ് പളനിസ്വാമി പക്ഷം ചെന്നൈയിലെ അണ്ണാഡിഎംകെ ആസ്ഥാനത്ത് യോഗം ചേര്‍ന്നത്.

ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയതിന്റെ സൂചനയായാണ് പാര്‍ട്ടി കാര്യങ്ങളില്‍ ദിനകരനെ അടുപ്പിക്കില്ലെന്നുള്ള പളനിസ്വാമിയുടെ നിലപാട്. അതേസമയം 122 എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട ദിനകരന്‍, 45 അംഗ ഭാരവാഹികളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് എടപ്പാടി പളനിസ്വാമി വിഭാഗവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്.