കുട്ടി ജനിക്കാതെ നൂല് കെട്ടിയിട്ട് കാര്യമില്ലെന്ന് കാനം: ‘ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനമാവില്ല’

single-img
10 August 2017

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബി തുടങ്ങിയ സംഭവം ഗൗരവമായി കാണേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതിരപ്പിള്ളിയില്‍ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറും ലൈനും വലിച്ചാല്‍ അണക്കെട്ടിന്റെ നിര്‍മാണം എങ്ങനെ തുടങ്ങുമെന്ന് കാനം ചോദിച്ചു.

അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് 1982 മുതല്‍ കേള്‍ക്കുന്നതാണെന്നും വൈദ്യുത ലൈന്‍ വലിച്ചാല്‍ പദ്ധതി തുടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടി ജനിക്കാതെ നൂല് കെട്ടിയിട്ട് കാര്യമില്ലെന്നും കാനം പരിഹസിച്ചു.

അതിരപ്പിളളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കെഎസ്ഇബി ഇന്ന് വ്യക്തമാക്കിയിരുന്നു. പദ്ധതി പ്രദേശത്ത് വൈദ്യുതി ലൈന്‍ വലിക്കുകയും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയും ചെയ്തതായി കെഎസ്ഇബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18ന് മുന്‍പാണ് അഞ്ചുകോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

അതീവരഹസ്യമായാണ് കെഎസ്ഇബിയുടെ നീക്കം. കൂടാതെ അണക്കെട്ട് നിര്‍മിച്ചാല്‍ മുങ്ങിപ്പോകുന്ന വനത്തിനു പകരം വനം വച്ചുപിടിപ്പിക്കാനുള്ള നഷ്ടപരിഹാരത്തുകയായി അഞ്ചു കോടി രൂപ വനംവകുപ്പിനു കൈമാറിയിട്ടുണ്ട്.

മുന്നണിക്കുള്ളില്‍നിന്ന് സിപിഐയും പുറത്തുനിന്നു പ്രതിപക്ഷവും പരിസ്ഥിതിപ്രവര്‍ത്തകരും സ്ഥലത്തെ ആദിവാസികളും പദ്ധതിയെ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചത്.