ഹാദിയ കേസ്: ഷെഫിന്‍ ജഹാന്‍ എന്‍ഐഎ അന്വേഷണത്തെ പേടിക്കുന്നതെന്തിനെന്ന് സുപ്രീംകോടതി

single-img
10 August 2017

ന്യൂഡല്‍ഹി: ഹാദിയ കേസിലെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറണമെന്ന് കേരളാ പൊലീസിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ ഷെഫീന്‍ ജഹാനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഷെഫിന്‍ ജഹാന്‍ എന്‍ഐഎയെ സംശയിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ഹര്‍ജിക്കാരന്‍ നീതിയുക്തമായ അന്വേഷണം ആഗ്രഹിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് കാണിച്ച് ഷെഫീന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. അതേസമയം ഹാദിയ കേസ് എന്‍ഐഎ അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ഹാദിയ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന് ഭീകരസംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ ഹാദിയയുടെ പിതാവ് അശോകനോട് കോടതി നിര്‍ദേശിച്ചിരുന്നു. രേഖകള്‍ ഒരാഴ്ച്ചയ്ക്കകം ഹാജരാക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുള്‍പ്പെടെയുള്ള എല്ലാ കക്ഷികളോടും എല്ലാ രേഖകളും ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

മതം മാറിയ ഹാദിയയും ഷെഫീനും തമ്മിലുള്ള വിവാഹം മേയ് 24ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തന്റെ മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് ആരോപിച്ച് ഹാദിയയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. വിവാഹം റദ്ദാക്കിയ കോടതി അഖിലയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.

പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും തടങ്കല്‍ മോചിപ്പിച്ച് കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഷെഹീന്‍ സുപ്രീംകോടതിയിലേക്ക് പോയത്.