പൊലീസിനെ വെട്ടിലാക്കി ദിലീപ്: “എല്ലാം ഡിജിപി ബെഹ്‌റയ്ക്ക് അറിയാമായിരുന്നു”

single-img
10 August 2017

കൊച്ചി: പള്‍സര്‍ സുനി വിളിച്ചത് മറച്ചുവെച്ചെന്ന പൊലീസിന്റെ വാദം തള്ളി ദിലീപ്. സുനി ജയിലില്‍ നിന്ന് വിളിച്ച വിവരം അന്ന് തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പറില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചതെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് വ്യക്തമാക്കി. കൂടാതെ സുനിയുമായി നടത്തിയ ഫോണ്‍ സംഭാഷണമടക്കം ബെഹ്‌റയ്ക്ക് വാട്‌സ്ആപ്പ് ചെയ്തു നല്‍കിയെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നു.

ഏപ്രില്‍ 10ന് കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് സുനിയുടെ കോള്‍ വന്നത്. അന്നു തന്നെ നാദിര്‍ഷയേയും വിളിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഹൈക്കോടതിയില്‍ അഭിഭാഷകന്‍ രാമന്‍പിള്ള മുഖേനയാണ് ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജയിലില്‍ നിന്നുള്ള ഫോണ്‍ സന്ദേശം വന്നിട്ട് ദിലീപ് ആഴ്ചകളോളം മറച്ചവെച്ചന്നായിരുന്നു പോലീസിന്റെ പ്രധാന വാദം.

രണ്ടാഴ്ചക്ക് ശേഷമാണ് ദിലീപ് ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ തയ്യാറാകുന്നതെന്നും പോലീസ് പറഞ്ഞിരുന്നു. ഈ വാദങ്ങളെല്ലാം പൊളിക്കുന്ന വിവരങ്ങളാണ് ദിലീപ് ഇന്ന് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാന പോലീസ് മേധാവി തന്നെ ഇക്കാര്യം നേരത്തെ അറിഞ്ഞുവെന്ന വാദം പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

അതേസമയം തിയറ്റര്‍ ഉടമയായ ലിബര്‍ട്ടി ബഷീറിനെതിരെയും ജാമ്യാപേക്ഷയില്‍ ദിലീപ് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ലിബര്‍ട്ടി ബഷീര്‍ ദിലീപിനെ ഒന്നാം നമ്പര്‍ ശത്രുവായി കണക്കാക്കിയിരുന്നെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഭരണകക്ഷിയിലെ ഉന്നതരുമായി ലിബര്‍ട്ടി ബഷീറിന് അടുത്ത ബന്ധമുണ്ടെന്നും തന്റെ തിയറ്റര്‍ സംഘടന തകര്‍ത്തത് ദിലീപാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ദിലീപിനെ ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ പുതിയ തിയറ്റര്‍ സംഘടനയുടെ ഉദ്ഘാടനത്തിന്റെ തലേന്നാണെന്നും നടനെ ഇല്ലാതാക്കാന്‍ സിനിമാരംഗത്ത് തന്നെ ഗൂഢാലോചന നടക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ശക്തരായ ചില ആളുകളാണ് ഇതിന് പിന്നില്‍. താന്‍ ജയിലിലായതിനാല്‍ നാലോളം സിനിമകള്‍ മുടങ്ങി.

ഇതുമൂലം 50 കോടി രൂപയുടെ പ്രതിസന്ധി സിനിമ മേഖലയിലുണ്ട്. രാമലീല ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്യാനായിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് വ്യക്തമാക്കുന്നു. നാളെയാണ് ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. ഹൈക്കോടതി നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ ഒരുവട്ടം തള്ളിയിരുന്നു. ഇത് രണ്ടാം തവണയാണ് താരം ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.