‘മുരുകന്റെ’ പോലുള്ള മരണം ഇനി ആവര്‍ത്തിച്ചുകൂടാ…: ‘ട്രോമോ കെയര്‍’ വ്യാപിപ്പിക്കണം

single-img
10 August 2017

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മുരുകന്‍ എന്ന തമിഴ്‌നാട് സ്വദേശി മരിക്കാനിടയായ സംഭവം കേരളത്തിലെ ആരോഗ്യസംവിധാനത്തിലെ പോരായ്മകള്‍ തുറന്നുകാട്ടുന്നതായിരുന്നു. വാഹനാപകടം സംഭവിച്ച ഉടന്‍ തന്നെ ആംബുലന്‍സില്‍ മുരുകനെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വെന്റിലേറ്ററുകള്‍ ഒഴിവില്ലെന്നും ഡോക്ടര്‍ അവധിയിലാണെന്നും തുടങ്ങി നിരവധി കാരണങ്ങള്‍ പറഞ്ഞ് ഇദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി അടക്കം മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും തങ്ങളുടെ മകന്റെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലാണ് ഇപ്പോഴും മുരുകന്റെ കുടുംബം.

അപകടത്തില്‍പ്പെട്ട രോഗിയുടെ ജീവന്‍ നഷ്ടപ്പെടാതെ എങ്ങനെ രക്ഷിക്കാം എന്നൊരു സംവിധാനം തന്നെ ‘ട്രോമോ കെയര്‍’ എന്നപേരില്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിലവിലുള്ളപ്പോള്‍ ഇവിടെ ഈ പദ്ധതി നടപ്പിലാക്കാന്‍ ഇനിയും കാലങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നതാണ് വാസ്തവം. എന്താണ് ട്രോമോ കെയര്‍ എന്നതിനെ കുറിച്ചോ ഇതിന്റെ പേരില്‍ നടത്തപ്പെടുന്ന ട്രെയിനിങ്ങ് പ്രോഗ്രാമായ ‘അഡ്വാന്‍സ്ഡ് ട്രോമോ സപ്പോര്‍ട്ടിനെ ‘ കുറിച്ചോ കേരളത്തിലെ പല ഡോക്ടര്‍മാര്‍ക്കും അറിവുണ്ടോയെന്ന കാര്യം സംശയമാണ്.

റോഡപകടം സംഭവിച്ചാല്‍ ഉടന്‍ തന്നെ ചികിത്സിക്കാനുള്ള സംവിധാനമാണ് ട്രോമോകെയര്‍.
ഇവിടെ പ്രധാനമായും ചെയ്യുന്നത് ജീവന് ഭീഷണിയായിട്ടുള്ള പരിക്കുകള്‍ കണ്ടെത്തി ചികിത്സിക്കുകയെന്നതാണ്. ഇവിടെ പ്രയോറിറ്റി ജീവന്‍ നഷ്ടപ്പെടുന്നതിനുള്ള ഭീഷണിക്കാണ്. ഏറ്റവും ഭയാനകമെന്ന് നമ്മളെ തോന്നിപ്പിക്കുന്ന പരിക്കുകളായിരിക്കില്ല രോഗിയെ മരണത്തിലേക്ക് നയിക്കുന്നത്. മറിച്ച് ആരും ശ്രദ്ധിക്കാത്ത മറ്റെന്തെങ്കിലും ക്ഷതങ്ങളായിരിക്കാം. ഉദാഹരണത്തിന് തുടയെല്ല് ഒടിഞ്ഞ് പുറത്തേക്ക് കുന്തം പോലെ നില്‍ക്കുന്നതായിരിക്കില്ല രോഗിയെ കൊല്ലുന്നത് .

ഇവിടെ ആരും കാണാതെ പോകുന്ന നെഞ്ചിലെ ക്ഷതങ്ങളായിരിക്കാം. അപകടത്തിന് ശേഷം രോഗിക്ക് കൃത്യമായി ശ്വാസം കിട്ടുന്നുണ്ടോ , ശ്വസിക്കുന്നുണ്ടെങ്കില്‍ രോഗിയുടെ രക്തത്തില്‍ ഓക്‌സിജന്‍ ആവശ്യത്തിനെത്തുന്നുണ്ടോ, ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടോ , തലച്ചോറ് പ്രവര്‍ത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ട്രോമോ കെയറില്‍ ആദ്യം പരിശോധിക്കുക.

കൂടാതെ രോഗി സാധാരണ പോലെ പ്രതികരിക്കുന്നുണ്ടോ , സംസാരിക്കുമ്പോഴും പ്രതികരണം ശരിയായ രീതിയിലാണോ, വേദനയല്ലാതെ മറ്റൊന്നും അറിയാത്ത അവസ്ഥയിലാണോ , രോഗി ഉണരാത്ത അവസ്ഥയിലാണോ തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ ശ്രദ്ദിക്കേണ്ടതായി വരും. റോഡപകടങ്ങളില്‍ പലതും അതിവേഗ ക്ഷതങ്ങളായതിനാല്‍ ഇവിടെ വളരെ സങ്കീര്‍ണമായ ശസ്ത്രകിയകള്‍ വേണ്ടി വരുന്നു. ഇതിനൊക്കെ മുന്നേ രോഗി സ്റ്റേബിള്‍ ആയെങ്കില്‍ മാത്രമെ ശസ്ത്രക്രിയ ഫലം ചെയ്യൂ. ഈ സാഹചര്യത്തില്‍ ട്രോമോ സപ്പോര്‍ട്ട് രോഗിക്ക് നല്‍കുകയെന്നത് ജീവന്‍ രക്ഷിക്കുന്നതിന്റെ തന്നെ സുപ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായി തീരുന്നു.

പല ആശുപത്രികളിലും എംബിബിഎസ് കഴിഞ്ഞ ഡോക്ടര്‍മാരായിക്കും നൈറ്റ് ഡ്യൂട്ടിക്ക് ഉണ്ടാകുക. പഠനം പൂര്‍ത്തിയാക്കി ആതുരസേവനത്തിലേക്ക് ഇറങ്ങിതിരിച്ചിരിക്കുന്ന ഇവരില്‍ പലര്‍ക്കും ട്രോമോ സപ്പോര്‍ട്ട് നല്‍കുന്നതിനെ കുറിച്ച് വേണ്ടത്ര അറിവ് ലഭിച്ചിരിക്കാമെന്ന് ഉറപ്പ് പറയാന്‍ സാധിക്കില്ല.

ഈ സാഹചര്യത്തില്‍ താരതമ്യേന പരിചയ സമ്പത്ത് കുറഞ്ഞ ഇത്തരക്കാരെ കൂടുതല്‍ പരിശീലനം നല്‍കി കേസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ തുടക്കത്തിലെങ്കിലും നിയോഗിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം, റോഡപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാന്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളെ ബന്ധിപ്പിച്ച് സര്‍ക്കാര്‍ വിഭാവനം ചെയ്ത ട്രോമോ കെയര്‍ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയതും ഈ സാഹചര്യത്തില്‍ ശ്രദ്ദേയമായ വിഷയമാണ്.

ഓരോ വര്‍ഷവും നാലായിരത്തിലേറെപ്പേര്‍ റോഡപകടങ്ങളില്‍ മരിക്കുമ്പോഴാണ് ഈ അനാസ്ഥയെന്നതോര്‍ക്കണം. അപകടത്തില്‍പ്പെട്ട മുരുകന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ച പശ്ചാത്തലത്തില്‍ കൂടി ട്രോമോ കെയര്‍ പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ഇപ്പോള്‍ ഒരിക്കല്‍ കൂടി ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് 15 നഴ്‌സുമാര്‍ക്കും 15 ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കിയതല്ലാതെ ഒന്നും നടന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.

354 ആംബുലന്‍സുകള്‍, 35 ആശുപത്രികള്‍ എന്നിവയെ ഉള്‍ക്കൊളളിച്ചു 128 കോടിയുടെ മുതല്‍മുടക്ക് ലക്ഷ്യം ഇട്ട് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി 2016 ഒക്ടോബര്‍ 31 ന് നിയമസഭയില്‍ പ്രഖ്യാപിച്ച അടിയന്തര ചികിത്സ പദ്ധതി എവിടെ പോയെന്നു ചോദിക്കാന്‍ പ്രതിപക്ഷത്തിന് പോലും ധൈര്യം ഉണ്ടായില്ല. അപകടത്തില്‍പെടുന്നവരുടെ രക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് ജനങ്ങള്‍ തന്നെ ഓര്‍മ്മപ്പെടുത്തിയെങ്കില്‍ മാത്രമേ ഈ സ്ഥിതിക്ക് മാറ്റം വരൂ.