ആംബുലന്‍സില്ല, ഗര്‍ഭിണിയെ കൊണ്ടുപോയത് കട്ടിലില്‍; ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചു

single-img
9 August 2017

ഒഡിഷയില്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് കട്ടിലില്‍ ചുമന്ന്. ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പേ കുഞ്ഞ് മരിച്ചു. രാജ്യഗഡ ജില്ലയിലുള്ള പര്‍സാലി പഞ്ചായത്തിലെ ഫകേരി ഗ്രാമത്തിലുള്ള അലീം സികാക എന്ന യുവതിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്.

മലമ്പ്രദേശമായ ഇവിടെ കിലോമീറ്ററുകള്‍ താണ്ടി വേണം ആശുപത്രിയിലെത്താന്‍. അലീമക്ക് പ്രസവ വേദന വന്നപ്പോള്‍ ആംബുലന്‍സ് കിട്ടാന്‍ ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കുന്നും മലയും നിറഞ്ഞ പ്രദേശത്തുകൂടെ നടന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉള്‍ഗ്രാമമായതിനാല്‍ ഇവിടേയ്ക്ക് ഗതാഗത സൗകര്യമില്ല.

തുടര്‍ന്ന് പിക്ക് അപ്പ് വാനില്‍ യുവതിയെ ബഡ്വാര സഹി വരെ ഗ്രാമവാസികള്‍ എത്തിച്ചു. കല്യാണി നദി കടക്കാന്‍ വീണ്ടും ഇവര്‍ക്ക് യുവതിയെ സ്ട്രക്ച്ചറിലേറ്റി നടക്കേണ്ടി വന്നു. ഈ സമയത്താണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അലീമയെ ഗുരുതരാവസ്ഥയില്‍ കല്യാണ്‍സിങ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാലാകാം കുഞ്ഞ് മരിക്കാന്‍ ഇടയായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ സംഭവം സാജാ ഗാവ് ഗ്രാമത്തില്‍ നടന്നിരുന്നു. ഗര്‍ഭിണിയായ സിജ മിനിക എന്ന യുവതിയെ ആംബുലന്‍സ് കിട്ടാത്തത് മൂലം സ്ട്രച്ചറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കല്യാണ്‍സിംഗപൂര്‍ ബ്ലോക്കിന് കീഴില്‍ തന്നെയുള്ള സികര്‍പാ പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് ഇവരെയും അഡ്മിറ്റ് ചെയ്തത്. മലമ്പ്രേദശമായ ഇവിടെ പാലവും റോഡുമില്ലാത്തത് ഗ്രാമവാസികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.