ബിജെപിക്കെതിരെ വിമര്‍ശനവുമായി സോണിയ: “രാജ്യത്ത് നിലനില്‍ക്കുന്നത് വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയം”

single-img
9 August 2017

ന്യൂഡല്‍ഹി: ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ക്വിറ്റ് ഇന്ത്യാ സമരത്തെ ശക്തമായി എതിര്‍ത്ത ചില സംഘടനകളുണ്ടായിരുന്നുവെന്ന് നാം മറക്കരുത്. അവര്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ല. ആ കറുത്ത ശക്തികള്‍ വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്ന കാലമാണിതെന്നും സോണിയ പറഞ്ഞു.

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്വാതന്ത്ര്യസമര കാലത്തെ പോരാട്ടങ്ങള്‍ സമാനമായ രീതിയില്‍ ആവര്‍ത്തിക്കപ്പെടേണ്ട അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്നും സോണിയ കുറ്റപ്പെടുത്തി. രാജ്യത്തു ഇന്ന് നിലനില്‍ക്കുന്നത് വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയമാണ്. ജനാധിപത്യരീതിലുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സ്ഥാനമില്ലാതായിരിക്കുന്നുവെന്നും സോണിയ വ്യക്തമാക്കി.

മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവും ഇവിടെ അപകടത്തിലാണ്. നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണമെങ്കില്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്നും സോണിയ ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്വിറ്റ് ഇന്ത്യാ അനുസ്മരണപ്രസംഗത്തിന് ശേഷമായിരുന്നു സോണിയ ഗാന്ധി ലോക്‌സഭയെ അഭിസംബോധന ചെയ്തത്.

മഹാത്മാഗാന്ധിയുടെ, ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് പുതിയ ഊര്‍ജമാണ് നല്‍കിയതെന്നും അത് സ്വാതന്ത്ര്യം നേടുന്നതില്‍ നിര്‍ണായകമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ നേടിയ സ്വാന്ത്ര്യം നമ്മുടെ മാത്രം സ്വാതന്ത്ര്യമായിരുന്നില്ല. ലോകത്തിലെ മറ്റുമേഖലകളിലെ കോളനി വാഴ്ചകള്‍ക്കുകൂടി അത് അന്ത്യം കുറിച്ചുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

ദാരിദ്ര്യവും പോഷകാഹാരക്കുറവും വിദ്യാഭ്യാസ രംഗത്തെ ചില പോരായ്മകളും രാജ്യം നേരിടുന്ന വെല്ലുവിളികളാണ്. 2022 ഓടെ ഇത് മറികടക്കാന്‍ കഴിയണമെന്ന് പ്രധാനമന്തി പറഞ്ഞു. രാജ്യത്തു നിന്ന് അഴിമതിയും ഭീകരവാദവും തുടച്ചുനീക്കണമെന്നും അതിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.