ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന് ജയം

single-img
9 August 2017

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലിന് ജയം. 44 വോട്ട് നേടിയാണ് അഹമ്മദ് പട്ടേല്‍ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മറ്റ് രണ്ട് സീറ്റുകളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിജയിച്ചു.

മുതിർന്ന നേതാവും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിന്റെ ജയം ദേശീയതലത്തിൽതന്നെ കോൺഗ്രസിനു വലിയ പോരാട്ടത്തിനു ശക്തിപകരും. മുൻ കോൺഗ്രസുകാരൻ കൂടിയായ ബൽവന്ത്സിങ് രാജ്പുട്ടിനെയാണ് പട്ടേൽ തോൽപ്പിച്ചത്.

കൂറുമാറി വോട്ട് ചെയ്ത എംഎല്‍എമാര്‍ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതാണ് അഹമ്മദ് പട്ടേലിന്റെ ജയം ഉറപ്പിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ഇരുപാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കള്‍ മൂന്നുവട്ടം തെരഞ്ഞെടുപ്പ് കമ്മിഷനിലെത്തി.
കോണ്‍ഗ്രസ് എംഎല്‍എമാരായ രാഘവ് ഭായ് പട്ടേലും ഭോലാ ഭായും വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ അമിത് ഷായെ കാണിച്ചത് ചട്ടലംഘനമാണെന്നും ഇവരുടെ വോട്ട് റദ്ദാക്കണമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.

ബിജെപി ഇതിനെ എതിര്‍ത്തതോടെ വോട്ടെണ്ണല്‍ നീണ്ടു. കോണ്‍ഗ്രസിന്റെ എംഎല്‍എയും ചട്ടലംഘനം നടത്തിയെന്നും ആ വോട്ടും റദ്ദാക്കണമെന്ന ബാലിശമായ ആവശ്യവും ബിജെപി ഉയര്‍ത്തി. തുടര്‍ന്ന് ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ തെരരഞ്ഞെടുപ്പ് കമ്മിഷനിലെത്തി. മൂന്ന് മണിക്കൂറിനിടെ ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ കമ്മിഷനിലെത്തിയത് മൂന്ന് തവണ.

ആനന്ദ് ശര്‍മ്മയും പി ചിദംബരവും ഗുലാം നബി ആസാദും കോണ്‍ഗ്രസിനു വേണ്ടി രംഗത്തെത്തിയപ്പോള്‍ രവി ശങ്കര്‍ പ്രസാദും നിര്‍മ്മലാ സീതാരാമനും പീയൂഷ് ഗോയലുമാണ് ബിജെപിക്ക് വേണ്ടി കമ്മിഷനെ സമീപിച്ചത്.
കമ്മിഷന്‍ കോണ്‍ഗ്രസിന് അനുകൂലമായ തീരുമാനമെടുത്തതോടെ വോട്ടെണ്ണല്‍ തുടങ്ങാന്‍ ധാരണയായി. എന്നാല്‍ ബിജെപി എതിര്‍ത്തോടെ വൈകിയ വോട്ടെണ്ണല്‍ ആരംഭിച്ചത് രാത്രി 1.30ന്. നിമിഷങ്ങള്‍ക്കകം ഫലം വന്നു. ബിജെപി തന്ത്രഹങ്ങള്‍ അതിജീവിച്ച് അഹമ്മദ് പട്ടേലിന് ജയം. എംഎല്‍എമാരുടെ വോട്ട് റദ്ദാക്കിയ കമ്മിഷന്റെ നടപടി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ബിജെപി. ഇന്ന് പാര്‍ലമെന്റിലും ഈ വിഷയം ചര്‍ച്ചയാകും..